ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അവിസ്‌മരണീയമായ വരവേൽപ്പൊരുക്കി പ്രവാസി മലയാളികൾ. മൻസൂരിയ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രവാസി സംഗമം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു. കേരളത്തെ വികാരമായി കൊണ്ടുനടക്കുന്നവരാണ് ലോകത്താകെയുള്ള പ്രവാസി മലയാളികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെക്കുറിച്ചുള്ള പ്രവാസികളുടെ കരുതലിന്റെയും പ്രതീക്ഷയുടെയും ഭാഗമായാണ് ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ലഭിച്ച ഉജ്വല സ്വീകരണങ്ങൾ. പോയ ഇടങ്ങളിലെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട മലയാളി കൂട്ടായ്മകളാണ് കണ്ടത്. കുവൈത്തും ആ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറിയും സംഘാടക സമിതി ജനറൽ കൺവീനറുമായ ജെ സജി അധ്യക്ഷനായി.
മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് മുലൂക്ക, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, നോർക്ക റൂട്ട്‌സ് വൈസ്ചെയർമാൻ എം എ യൂസഫലി, സംഘാടക സമിതി ചെയർമാൻ ഡോ. അമീർ അഹമ്മദ് എന്നിവർ സംസാരിച്ചു. ലോക കേരള സഭ അംഗങ്ങളായ ആർ നാഗനാഥൻ, സജി തോമസ് മാത്യു, സി രജീഷ്, ഉണ്ണിമായ ഉണ്ണികൃഷ്ണൻ, സത്താർ കുന്നിൽ, ബാബു ഫ്രാൻസിസ്, സി കെ നൗഷാദ്, ശ്രീഷ ധയാനന്ദൻ, വർക്കിങ് ചെയർമാൻ മാത്യു ജോസഫ്, ബോബൻ ജോർജ്, അൽമുല്ല ജനറൽ മാനേജർ ഫിലിപ്പ് കോശി, മെട്രോ മെഡിക്കൽ കെയർ സിഇഒ മുസ്‌തഫ ഹംസ, ഫീനിക്‌സ് ചെയർമാൻ സുനിൽ പാറക്കപാടത്ത് എന്നിവർ പങ്കെടുത്തു. സംഘാടക സമിതി കോഓർഡിനേറ്ററും കല കുവൈത്ത് ജനറൽ സെക്രട്ടറിയുമായ ടി വി ഹിക്‌മത്ത് സ്വാഗതവും ലോക കേരള സഭ അംഗം മണിക്കുട്ടൻ എടക്കാട്ട് നന്ദിയും പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്ന് ആയിരക്കണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ശനിയും ഞായറും മുഖ്യമന്ത്രി യുഎഇയിൽ പ്രവാസികളുമായി സംവദിക്കും. ഞായറാഴ്‌ച അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബിൽ നടക്കുന്ന ‘മലയാളോത്സവ’ത്തിലും അദ്ദേഹം പങ്കെടുക്കും. ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ സന്ദർശനം നേരത്തേ പൂർത്തീകരിച്ചിരുന്നു.
STORY HIGHLIGHT : chief-minister-at-kuwait
















