ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. നരോത്തം പ്രസാദ് എന്നയാളാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം, ആത്മഹത്യ ചെയ്തതാണെന്നു വരുത്തി തീർക്കാൻ പ്രസാദ് വ്യാജ ആത്മഹത്യ കുറിപ്പ് തയാറാക്കിയിരുന്നു.
2010 മേയ് 31ന് ഡൽഹിയിലെ ജഹാംഗീർപുരിയിലെ ഒരു വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി വിവരം ലഭിച്ചു. തുടർന്ന് പൊലീസെത്തി വാതിൽ തുറന്നപ്പോൾ, 25 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ അഴുകിയ മൃതദേഹം തറയിൽ കിടക്കുന്നതാണ് കണ്ടത്.
സംഭവസ്ഥലത്ത് നിന്ന് ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽപ്പോയ പ്രസാദിനെ സംശയം തോന്നിയ പൊലീസ്, ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.
15 വർഷത്തിനുശേഷം ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചൊവ്വാഴ്ച ഡൽഹി പൊലീസിന്റെ ഒരു സംഘം ഗുജറാത്തിലെത്തുകയും വഡോദരയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
















