തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ, വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍മാണച്ചുമതലയുള്ള കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ടെക്നോപാര്‍ക്ക്, വിമാനത്താവളം, റെയില്‍വേസ്റ്റേഷന്‍, സെക്രട്ടറിയേറ്റ് തുടങ്ങിയ സുപ്രധാന ലാന്‍ഡ്മാര്‍ക്കുകളെ ബന്ധിപ്പിച്ചാണ് തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാവുക.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുമ്പാണ് തിരുവനന്തപുരം നഗരത്തിന്‍റെ മുഖഛായ മാറ്റുന്ന ലൈറ്റ് മെട്രോ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്‍റ് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പാപ്പനംകോട് നിന്ന് ആരംഭിച്ച് പാളയം, ശ്രീകാര്യം, കഴക്കൂട്ടം, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കുന്നതാണ് 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ ഘട്ടത്തിന്‍റെ അലൈന്‍മെന്‍റ്.
ടെക്നോപാര്‍ക്കിന്‍റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ്റ്റാന്‍റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളജ് തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങളെയെല്ലാം ബന്ധിപ്പിക്കുന്നതാണ് ആദ്യ ഘട്ടം. 27 സ്റ്റേഷനുകളായിരിക്കും ആദ്യ ഘട്ടത്തില്‍ ഉണ്ടാവുക. കഴക്കൂട്ടം, ടോക്നോപാര്‍ക്ക്, കാര്യവട്ടം എന്നിവയാണ് ഇന്‍റര്‍ചേഞ്ച് സ്റ്റേഷനുകള്‍. മെട്രോയുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
















