ന്യൂയോർക്ക് മേയറായി 34കാരനായ സൊഹ്റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കൻ രാഷ്ട്രീയം ഇളകി മറിഞ്ഞിരിക്കുകയാണ്. ഡോണാൾഡ് ട്രംപിന്റെ ഭീഷണികൾക്ക് വഴങ്ങാതെ ന്യൂയോർക്ക് ജനത ഒറ്റക്കെട്ടായി സൊഹ്‌റാൻ മംദാനിയെ നഗരത്തിന്റെ മേയറായി തിരഞ്ഞെടുത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ നടന്ന ചില നീക്കങ്ങളുടെ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്.
ജനങ്ങളുടെ ക്ഷേമത്തിനും ഒത്തൊരുമയ്ക്കും വേണ്ടി വാദിച്ച, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മുന്നോട്ടുവച്ച മംദാനി ചില ശതകോടീശ്വരൻ മാരുടെ ടാർഗറ്റ് ആയിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. അമേരിക്കയിലെ അതിസമ്പന്നർ മംദാനിയുടെ എതിരാളികൾക്ക് വേണ്ടി മാത്രം ചിലവഴിച്ചത് 22 മില്യൺ ഡോളറാണ്. സമ്പന്നമായ കുടുംബങ്ങളിൽ നിന്നുള്ള 26 ബില്യണയർമാരാണ് മംദാനിയുടെ എതിരാളികളെ പിന്തുണയ്ക്കാനും പരസ്യങ്ങൾ നൽകാനുമായി 22 മില്യൺ ഡോളർ ചിലവഴിച്ചതെന്ന ഫോർബ്‌സ് റിപ്പോർട്ടിൽ പറയുന്നു.
ബ്ലൂംബർഗ് LP സഹസ്ഥാപകൻ മൈക്കേൽ ബ്ലൂംബർഗ്, ഹെഡ്ജ് ഫണ്ട് മാനേജർ ബിൽ ആക്മാൻ, എയർബിഎൻബി സഹസ്ഥാപകൻ ജോ ജെബ്ബിയ, പ്രമുഖരായ ലോഡർ കുടുംബാംഗങ്ങൾ എന്നിവരാണ് ഈ ലിസ്റ്റിലെ പ്രമുഖർ. ഓരോരുത്തരും കുറഞ്ഞത് 100,000 ഡോളറാണ് ഇന്റിപെന്റന്റ് എക്‌സപന്റിച്ചർ കമ്മറ്റിക്കും ആൻഡ്രൂ ക്യൂമോയുടെ സൂപ്പർ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിക്കും നൽകിയത്.
ബ്ലൂംബർഗ് മാത്രം ക്യൂമോയെ പിന്തുണച്ച് എട്ട് മില്യൺ ഡോളറാണ് നൽകിയത്. അതേസമയം അക്മാൻ 1.75മില്യൺ ഡോളറും ലോഡർ 750,000 ഡോളറും ചിലവാക്കി. ഈ ഡൊണേഷനുകളിൽ ഏകദേശം 13.6മില്യൺ ഡോളറും മംദാനി ഡെമോക്രാറ്റിക്ക് നോമിനേഷൻ നേടുന്ന ജൂൺ 24ന് മുന്നേ ലഭിച്ചതാണ്. നെറ്റ്ഫ്‌ളിക്്‌സ് സഹസ്ഥാപകൻ റീഡ് ഹാസ്റ്റിങ്‌സ്, മീഡിയ എന്റർപ്രണർ ബാരി ദില്ലർ എന്നിവർ 250,000 ഡോളർ വീതവും കാസിനോ മാഗ്നറ്റായ സ്റ്റീവ് വിൻ 500,000 ഡോളർ ഈ ഒക്ടോബറിലും ഓയിൽ ബാരൻ ജോൺ ഹെസ് ഒരു മില്യൺ ഡോളറിലധികവും ചിലവാക്കിയിട്ടുണ്ട്. മംദാനിക്കെതിരെ പണം ചിലവഴിച്ച 26 കോടീശ്വരന്മാരിൽ 16 പേരും ന്യൂയോർക്ക് നിവാസികളാണെന്ന കാര്യവും ഫോബ്‌സ് ഉറപ്പാക്കിയിട്ടുണ്ട്. ബില്യണയർമാരായ ബിൽ ആക്മാനും റൊണാൾഡ് ലോഡറും കോടികൾ ചിലവഴിച്ച വിവരം മംദാനി തന്നെ ഒരിക്കൽ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ മംദാനി വിജയം ഉറപ്പിച്ചതോടെ എതിർചേരിയിലുണ്ടായിരുന്നവർ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. ആക്മാൻ മംദാനിയെ അഭിനന്ദിച്ച് എക്‌സ് പോസ്റ്റ് വരെ പങ്കുവച്ചു.
















