ബൺ പൊറോട്ട എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. സാധാരണ പൊറോട്ടയെക്കാൾ നൂൽ പോലെ മൃദുവായ അകവും, കട്ടിയുള്ള പുറംഭാഗവുമുള്ള ഇതിന് ആരാധകർ ഏറെയാണ്. എന്നാൽ ഇത് വീട്ടിൽ ഉണ്ടാക്കുക എന്നത് പലർക്കും ഒരു ദുർഘടമായ ദൗത്യമായാണ് തോന്നാറുള്ളത്. പക്ഷേ വളരെ ലളിതവും രസകരവുമായ രീതിയിൽ വീട്ടിൽ തന്നെ ബൺ പൊറോട്ട തയ്യാറാക്കാം.
അവശ്യ ചേരുവകൾ
മൈദ – 1 കിലോ
പഞ്ചസാര – 2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
പാൽ – 4 ടേബിൾസ്പൂൺ
മുട്ട – 2
എണ്ണ – 4 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
മൈദപ്പൊടി ഒരു ബൗളിലെടുക്കാം. അതിലേയ്ക്ക് 2 ടീസ്പൂൺ പഞ്ചസാര, ഉപ്പ്, പാൽ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ശേഷം 2 മുട്ട് ഇതിലേയ്ക്ക് പൊട്ടിച്ചൊഴിക്കാം. 4 ടേബിൾസ്പൂൺ എണ്ണ ചേർത്ത് മാവ് കുഴച്ചെടുക്കാം. കുഴയ്ക്കുന്നതിനിടയിൽ ചെറുചൂടുള്ള വെള്ളം ഒഴിക്കുന്നത് മാവ് സോഫ്റ്റാകാൻ സഹായിക്കും. 10 മുതൽ 15 മിനിറ്റ് വരെ ഇത് കുഴയ്ക്കണം. കുഴച്ചെടുത്ത മാവ് അൽപ സമയം അടച്ചു മാറ്റി വയ്ക്കാം. മാവ് ചെറിയ ഉരുളകളാക്കിയെടുത്ത് മുകളിൽ എണ്ണ പുരട്ടി അടച്ചു വയ്ക്കാം. ഒരു മണിക്കൂറിനു ശേഷം ഉരുളകൾ പരത്തി മടക്കിയെടുക്കാം. ഇത് ഉരുട്ടി കൈ ഉപയോഗിച്ച് ഒരു തവണ മൃദുവായി അമർത്താം. അമിതമായി മർദ്ദം നൽകി പരത്തേണ്ടതില്ല. പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിൽ എണ്ണ പുരട്ടി പരത്തിയെടുത്ത മാവ് വച്ച് ഇരുവശവും വേവിച്ചെടുക്കാം.
















