തെന്നിന്ത്യന്‍ താരം ഗൗരി ജി കിഷന് ഉണ്ടായ ബോഡി ഷെയ്മിങ് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. താരങ്ങളായിരുന്നാലും സാധാരണ സ്ത്രീകളായാലും പൊതു ഇടങ്ങളില്‍ ബോഡി ഷെയ്മിങിന് വിധേയരാകുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ പാടില്ല. അത്തരം പ്രവര്‍ത്തികളെ നിയമപരമായി തന്നെ നേരിടണം. എന്നാല്‍ വിവാദമായിരിക്കുന്ന ഗൗരി ജി കിഷനുണ്ടായ ബോഡിഷെയിം വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരെ കല്ലെറിയുന്നത് എന്തിനാണ് ? താരത്തിനോട് എന്തു വെയ്റ്റുണ്ടെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു എന്നും, ഈ വിഷയത്തില്‍ സമീപത്തിരുന്ന സംവിധായകനും അണിയറപ്രവര്‍ത്തകരും നിശബ്ദത പാലിച്ചു എന്നും ആരോപിച്ചാണ് വിഷയം വിവാദമായിരിക്കുന്നത്.
എന്നാല്‍ പൊതുവ ഇത്തരം കാര്യങ്ങളൊക്കെ തന്നെ പലപ്പോഴും സിനിമാ പ്രമോഷന്‍റെ ഭാഗവും , പി ആര്‍ വര്‍ക്കിന്‍റെ ഭാഗവുമായി മാറാറുണ്ട്. സിനിമാ പ്രമോഷന്‍റെ ഭാഗമായി വിളിച്ചുകൂട്ടുന്ന വാര്‍ത്താസമ്മേളനങ്ങളിലും പ്രമോഷന്‍ പരിപാടികളിലും മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകരുടെ കൂടെ യുട്യൂബേഴ്സും കയറിക്കൂടാറുണ്ട്. പക്ഷേ പലപ്പോഴും പ്രോഗ്രാമുകളുടെ കണ്ടന്‍റുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഒരു പരിധിവരെ പ്രമോഷനായി എത്തുന്നവര്‍ അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാറുമുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ എന്ന വ്യാജേന കയറിക്കൂടുന്ന നടന്‍ ജോയി മാത്യു വിശേഷിപ്പിച്ച ‘വെട്ടിക്കിളി’കളാണ് പലപ്പോഴും ഇത്തരം പുലിവാലുകള്‍ ഉണ്ടാക്കുന്നത്.
ഒടുവില്‍ പഴി കേള്‍ക്കുന്നതും ചീത്തവിളി കേള്‍ക്കുന്നതും മാധ്യമ പ്രവര്‍ത്തകരാണ്. ഒരു സെല്‍ഫോണ്‍ ഉണ്ടെങ്കില്‍ ആർക്കും സിനിമാ പ്രമോഷനില്‍ കയറിക്കൂടാമെന്ന അവസ്ഥയിലേക്ക് പൊതുവെ സിനിമാ പ്രമോഷന്‍ പരിപാടികള്‍ മാറിയിട്ടുണ്ട്. ഇത്തരക്കാരുടെ ബഹളങ്ങളില്‍ നിന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ പലപ്പോഴും വിട്ടുനില്‍ക്കാറുമുണ്ട്. പ്രോഗ്രാമുകള്‍ക്ക് എത്തുന്ന താരങ്ങളെ അവരുടെ ശരീരവും വസ്ത്രങ്ങളുമൊക്കെ ചിത്രീകരിച്ചും അശ്ലീല ചോദ്യങ്ങള്‍ ചോദിച്ചും അവയൊക്കെ റീല്‍സുകളാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ആനന്ദം കണ്ടെത്തിയും പണം സമ്പാദിച്ചും നവ മാധ്യമങ്ങള്‍
തടിച്ചുകൊഴുക്കുമ്പോള്‍ അത്തരക്കാരുടെ അസ്ഥാനത്തെ ചോദ്യങ്ങളുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും ആക്ഷേപിക്കുന്നത് ശരിയല്ല. സിനിമാ പ്രമോഷന്‍ പരിപാടികള്‍ അല്പം കൂടി ജാഗ്രതയോടുകൂടിയും , വാര്‍ത്താസമ്മേളനങ്ങളുടെ അന്തസ്സും സുതാര്യതയും നിലനിര്‍ത്തിയാല്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് തന്നെയാണ് എന്നും നല്ലത്. ഏതെങ്കിലും ഒരു വിവരദോഷിയുടെ ചോദ്യത്തില്‍ തൂങ്ങി മാധ്യമ പ്രവര്‍ത്തകരുടെ മേല്‍ കുതിരകയറുന്നത് ശരിയല്ല.
CONTENT HIGH LIGHTS; Gauri Ji Kishan Topic: Why blame journalists?
















