treeലോകത്തിലെ ഏറ്റവും വലിയ അപകടകാരി ആയ മരമാണ് മഞ്ചിനീൽ മരം. മെക്സിക്കോ, കരീബിയൻ, തെക്കൻ ഫ്ലോറിഡ എന്നിവിടങ്ങളിൽ ആണ് ഇത് കാണപ്പെടുന്നത്. മരണത്തിന്റെ മരം എന്നാണ് മഞ്ചിനീൽ മരം അറിയപ്പെടുന്നത്. മഴക്കാലത്ത് മരത്തിനടിയിൽ നിൽക്കുന്നത് പോലും അസഹനീയമായ വേദനയ്ക്കും പൊള്ളലിനും കാരണമാകും. മരം കത്തിച്ചാലും വിഷവസ്തുക്കൾ പുറത്തുവരുന്നു, ഇത് പുകയുടെ അടുത്ത് നിൽക്കുന്നവർക്ക് അന്ധതയ്ക്ക് കാരണമാകും.

ചെറിയ ആപ്പിൾ എന്നർഥം വരുന്നതാണ് മഞ്ചിനീൽ എന്ന വാക്ക്. ഈ മരത്തിന്റെ കായകൾ ആപ്പിളുകളെപ്പോലെയുള്ളവയാണ്, ആകാരത്തിൽ ചെറുതും. അതാണ് ഇത്തരമൊരു പേര് കിട്ടാൻ കാരണം. ലോകത്തെ ഏറ്റവും വിഷകരമായ മരങ്ങളിലൊന്നാണ് മഞ്ചിനീൽ. ഇതിന്റെ വെളുത്ത കറയിൽ അനേകം വിഷവസ്തുക്കളുണ്ട്. ഇതിന്റെ തൊലിയിലും ഇലകളിലും പഴത്തിലുമൊക്കെ ഈ കറയുണ്ട്. ശരീരത്തിൽ തൊട്ടാൽ ഇതു പൊള്ളലും തടിപ്പുമൊക്കെയുണ്ടാക്കും. ഏകദേശം 50 അടിയോളം പൊക്കത്തിൽ മഞ്ചിനീൽ വളരും. ചുവപ്പും ചാരനിറവും ചേർന്ന തൊലിയും പച്ചയും മഞ്ഞയും ഇടകലർന്ന പൂക്കളും തിളക്കമുള്ള പച്ച ഇലകളും ഇതിനുണ്ട്.

കടൽത്തീരങ്ങളിലും കണ്ടൽക്കാടുകളിലുമൊക്കെ ഇവയെ കാണാം. കടൽത്തീരം ഒലിച്ചുപോകുന്നതിനെ ഇവ പ്രതിരോധിക്കാറുണ്ട്. മഴസമയത്ത് ഈ മരത്തിന്റെ കീഴിൽ നിന്നാൽ ഈ മരത്തിൽ നിന്നുതിർന്നു വീഴുന്ന വെള്ളം ശരീരത്തിൽ കടുത്ത പ്രത്യാഘാതങ്ങളും വേദനയുമുണ്ടാക്കും. പഴം കഴിച്ചാൽ വയറ്റിലും മറ്റും കടുത്ത പൊള്ളലും മറ്റുമുണ്ടാകാം. ഇത് മരണവും സംഭവിക്കാം. ഈ മരം നിൽക്കുന്നിടത്ത് അപായ ബോർഡുകൾ ചില രാജ്യങ്ങൾ വയ്ക്കാറുണ്ട്. യാത്രക്കാർക്കും മറ്റും മുന്നറിയിപ്പ് നൽകാനായാണ് ഇത്. മൃഗങ്ങൾക്കും പക്ഷികൾക്കും ഈ മരം അപകടകരമാണെങ്കിലും ബ്ലാക് സ്പൈൻഡ് ഇഗ്വാന എന്ന ജീവി ഇതിന്റെ പഴങ്ങൾ കഴിക്കാറുണ്ട്. ഈ മരത്തിന്റെ കൊമ്പുകളിൽ ഇവ താമസിക്കുകയും ചെയ്യും.
















