തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ കേരളമഹാ ഇടവകയുടെ പാസ്റ്റർ ബോർഡ് സെക്രട്ടറിയായി ഡോ. റവ.ജെ. ജയരാജ് സ്ഥാനമേറ്റു. തിരുവനന്തപുരം എൽ.എം.എസിൽ നടന്ന മഹാ ഇടവകയുടെ വൈദികരുടെയും കൗൺസിൽ അംഗങ്ങളുടെയും
യോഗത്തിലാണ് സ്ഥാനമേറ്റത്. സി എസ് ഐ മോഡറേറ്റർ കമ്മീസറിയും സി എസ് ഐ കോയമ്പത്തൂർ മഹായിടവകയിലെ ബിഷപ്പുമായ റൈറ്റ്. റവ. തിമോത്തി രവിന്ദർ സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. അഞ്ചുവർഷത്തോളമായി സഭയിൽ നിലനിന്നിരുന്ന സംഘർഷത്തിന്റെയും അഭിപ്രായ ഭിന്നതകളുടെയും കേസുകളുടെയും ഒടുവിൽ ഐകകണ്ഠേന പാസ്റ്ററൽ ബോർഡ് സെക്രട്ടറിയെ തിരഞ്ഞെടുത്തുവെന്നത് ശ്രദ്ധേമാണ്.
സംഘർഷാവസ്ഥയെ തുടർന്ന് ഒരു വർഷത്തോളം മഹാ ഇടവകയുടെ ആസ്ഥാനം അടഞ്ഞു കിടന്നിരുന്നു. സുപ്രീംകോടതി വരെയുള്ള നിരവധി കേസുകളുടെ വിധിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം ഒടുവിൽ മഹാ ഇടവകയുടെ കൗൺസിൽ തെരഞ്ഞെടുപ്പ് നടന്നത്. മഹാ ഇടവക സെക്രട്ടറിയായി ഡോ.ടി.ടി.പ്രവീണും വൈസ് ചെയർമാനായി റവ. പ്രിൻസൺ ബെൻ, ട്രഷറായി റവറന്റ് ക്രിസ്റ്റൽ ജയരാജ് എന്നിവരെ തിരഞ്ഞെടുത്തിരുന്നു. മുൻ വർഷങ്ങളിൽ നാമമാത്രമായ ഭൂരിപക്ഷത്തിലാണ് ഭാരവാഹികൾ തിരഞ്ഞെടുത്തിരുന്നത്. ഇപ്പോൾ അത് മൂന്നിൽ രണ്ട് വോട്ടിന്റെ ഭൂരിപക്ഷം അതായത് 150 ഓളം വോട്ടിന്റെ ഭൂരിപക്ഷം ആയി മാറി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 650 ഓളം സഭയിലെ സഭാ ശുശ്രൂഷകന്മാരും വിശ്വാസികളിൽ നിന്നും തിരഞ്ഞെടുത്തവരുമായ 1200 ഓളം വരുന്ന മഹാ ഇടവക കൗൺസിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരികയും റവ.ജയരാജിനെ ഐകണ്ഠേന പാസ്റ്റർ ബോർഡിലേക്ക് നിർദ്ദേശം വരികയും ചെയ്ത സാഹചര്യത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിച്ച് സഭ ഐക്യതയുടെ പാതയിൽ നീങ്ങുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ.

സി.എസ്.ഐ ദക്ഷിണ കേരളമഹാ ഇടവകയുടെ പാസ്റ്റർ ബോർഡ് സെക്രട്ടറിയായി ഡോ. റവ.ജെ. ജയരാജിന് സി.എസ്.ഐ മോഡറേറ്റർ കമ്മീസറി റവ. തിമോത്തി രവിന്ദർ സത്യ വാചകം ചൊല്ലി കൊടുക്കുന്നു.

സി.എസ്.ഐ ദക്ഷിണ കേരളമഹാ ഇടവകയുടെ പാസ്റ്റർ ബോർഡ് സെക്രട്ടറിയായി ചുമതലയേറ്റ ഡോ. റവ.ജെ. ജയരാജ്.
















