നടി ഗൗരി കിഷന് പിന്തുണയുമായി ചലച്ചിത്രമേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി. ഗൗരി കിഷന് നേരെയുണ്ടായ പരാമർശങ്ങൾ പല വ്യക്തികളുടെയും പിന്തിരിപ്പൻ ചിന്താഗതിയെ വെളിലാക്കുന്നതാണ്. ശല്യം ചെയ്യുന്നത് അംഗീകരിക്കാനാകുന്ന കാര്യമല്ല. അത്തരം പെരുമാറ്റങ്ങളെ നിസ്സാരവത്ക്കരിക്കാനോ മഹത്വവൽക്കരിക്കാനോ ഉള്ള ശ്രമങ്ങളെ തള്ളിക്കളയണം എന്നും ഡബ്ല്യുസിസി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വാർത്താസമ്മേളനത്തിനിടെ വെച്ച ഗൗരി കിഷന് നേരെയുണ്ടായ പരാമർശങ്ങൾ പല വ്യക്തികളുടെയും പിന്തിരിപ്പൻ ചിന്താഗതിയെ വെളിലാക്കുന്നതാണ്. ഏത് രൂപത്തിലോ സാഹചര്യത്തിലോ ആകട്ടെ, ശല്യം ചെയ്യുന്നത് അംഗീകരിക്കാനാകുന്ന കാര്യമല്ല. അത്തരം പെരുമാറ്റങ്ങളെ നിസ്സാരവത്ക്കരിക്കാനോ മഹത്വവൽക്കരിക്കാനോ ഉള്ള ശ്രമങ്ങളെ തള്ളിക്കളയണം.
സഹാനുഭൂതിയിലും കഥപറച്ചിലിലും അധിഷ്ഠിതമായ സിനിമാവ്യവസായത്തിൽ, കലാകാരന്റെ അന്തസ്സ് ഒരു വിട്ടുവീഴ്ചയ്ക്കും വിധേയമല്ലാത്തതാണ്. ബഹുമാനമോ അംഗീകാരമോ നേടുന്നതിനായി ഒരാൾക്കും തങ്ങളുടെ വ്യക്തിത്വത്തെ പ്രതിരോധിക്കാൻ നിർബന്ധിതരാകേണ്ടി വരരുത്.
വാർത്താസമ്മേളനത്തിൽ വെച്ച് അധിക്ഷേപിച്ചയാളെ നേരിട്ടതിലുള്ള അവരുടെ ധൈര്യം, പരസ്പര ബഹുമാനം നമ്മുടെയെല്ലാം തൊഴിലിടങ്ങളുടെ അടിസ്ഥാനമായിരിക്കണം. നിശ്ശബ്ദതയ്ക്കു പകരം ഉത്തരവാദിത്വവും സഹാനുഭൂതിയും നാം തിരഞ്ഞെടുക്കേണ്ടതുണ്ട്. ഗൗരി കിഷനോടും തങ്ങൾക്ക് ലഭിക്കേണ്ട ബഹുമാനം ആവശ്യപ്പെടാൻ ധൈര്യം കാണിച്ച ഓരോ കലാകാരനോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
ഗൗരി പ്രധാന കഥാപാത്രമായെത്തുന്ന ‘അദേഴ്സ്’ എന്ന തമിഴ് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നെയിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിലാണ് ഗൗരിക്കുനേരെ യൂട്യൂബർ മോശം പരാമർശം നടത്തിയത്. സഹനടൻ ആദിത്യ മാധവൻ ഗൗരിയെ എടുത്തുയർത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഗൗരിയുടെ ഭാരത്തെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് പ്രതികരിക്കാൻ കഴിയാതിരുന്ന ഗൗരി, പിന്നീട് ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. വ്യാഴാഴ്ച ചിത്രത്തിന്റെ പ്രസ് സ്ക്രീനിങ്ങിന് ശേഷം ആ ചോദ്യത്തെ മാധ്യമപ്രവർത്തകൻ ന്യായീകരിക്കാൻ ശ്രമിക്കുകയും ശബ്ദമുയർത്തുകയും ചെയ്തതോടെ ഗൗരി നേരിട്ട് പ്രതികരിക്കുകയായിരുന്നു.
തന്റെ കഥാപാത്രത്തെക്കുറിച്ചോ തയ്യാറെടുപ്പുകളെക്കുറിച്ചോ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും എന്നാൽ എല്ലാവർക്കും തന്റെ ഭാരത്തെക്കുറിച്ചാണ് അറിയേണ്ടതും ഗൗരി പറഞ്ഞു. ഒരു നടനോട് ഇതേ ചോദ്യം ചോദിക്കുമോ എന്നും ഗൗരി തിരിച്ചുചോദിച്ചു. സംഭവത്തിന്റെ വീഡിയോ ശ്രദ്ധനേടിയതോടെ ഗൗരിയുടെ നിലപാടിന് പിന്തുണ നൽകി നിരവധി താരങ്ങൾ രംഗത്തെത്തി. ഗായിക ചിന്മയി ശ്രീപദ ഉൾപ്പെടെ ഗൗരി കിഷന് പിന്തുണയായി സാമൂഹിക മാധ്യമങ്ങിളിൽ പ്രതികരിച്ചു. സംഭവസമയത്ത് മൗനം പാലിച്ചതിന് നടനും സംവിധായകനുമുൾപ്പെടെയുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം നേരിട്ടിരുന്നു.
















