രാജ്യത്തെ പൊതുസംവിധാനത്തെ കാവിവത്കരിച്ച്, ആർഎസ്എസിന്റെ നുകത്തിൽ കെട്ടാനുള്ള നീചമായ ശ്രമത്തിൻ്റെ ഭാഗമാണ് എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളേക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിക്കുകയും അത് ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റുകയും ചെയ്ത നടപടിയെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. മോദി ഭരണകൂടം സർക്കാർ സംവിധാനങ്ങളെ സംഘിവത്കരിക്കുകയാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
കുട്ടികളുടെ തലച്ചോറിലും മനസ്സിലും വർഗീയവിഷം കുത്തിവെയ്ക്കുന്ന ആർഎസ്എസിന്റെ ദംഷ്ട്രകൾ നിറഞ്ഞ മുഖം ഇന്ന് ഭരണകൂടത്തിന്റേത് കൂടിയായിക്കഴിഞ്ഞു. ഇത് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ദേശീയ സങ്കൽപ്പങ്ങളെ അപമാനിക്കുന്നതാണിത്. ദേശീയഗാനം മുഴങ്ങിക്കേൾക്കേണ്ട വേദികളിൽ ഗണഗീതം പാടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് പൊതുബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗം കൂടിയാണ്. കുട്ടികളെ വർഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്തുതോൽപ്പിക്കണ്ടേതാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
STORY HIGHLIGHT : Incident of students singing Ganageetham during Vande Bharat; Part of saffronization of public sector, says KC Venugopal MP
















