കേരള സർവകലാശാലയിലെ പിഎച്ച്ഡി ഗവേഷണ വിദ്യാര്‍ഥിക്കെതിരെ ഫാക്കല്‍റ്റി ഡീന്‍ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് വൈസ് ചാന്‍സലറോടും രജിസ്ട്രാറോടും മന്ത്രി ഡോ. ബിന്ദു ആവശ്യപ്പെട്ടു. സംഭവം സര്‍വകലാശാലയ്ക്കും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും അവമതിപ്പുണ്ടാക്കിയെന്ന് മന്ത്രി പറയുന്നു. ഈ സംഭവം അനാവശ്യ വിവാദങ്ങളിലേക്ക് സര്‍വകലാശാലയെയും ഉന്നതവിദ്യാഭ്യാസ മേഖലയെയും തള്ളിവിട്ടു. വിദ്യാര്‍ഥിയുടെ പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് മന്ത്രി ഡോ. ബി ബിന്ദു ആവശ്യപ്പെട്ടു.
ഡീന്‍ ഡോ.സി. എന്‍. വിജയകുമാരി ജാതി അധിക്ഷേപം നടത്തിയെന്ന് ചൂട്ടികാട്ടിയാണ് വിപിന്‍ വിജയന്‍ എന്ന വിദ്യാര്‍ഥി പരാതി നല്‍കിയത്. പുലയന് എന്തിനാണ് ഡോക്ടര്‍ വാല് എന്നു അധ്യാപിക ചോദിച്ചു എന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. മറ്റ് അധ്യാപകര്‍ക്ക് മുന്നില്‍ വെച്ചായിരുന്നു അധിക്ഷേപം എന്നും പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ വിപിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പുലയന്മാര്‍ സംസ്‌കൃതം പഠിക്കണ്ട, പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു. വിപിനെപ്പോലുള്ള നീച ജാതികള്‍ക്ക് എത്ര ശ്രമിച്ചാലും സംസ്‌കൃതം വഴങ്ങില്ല തുടങ്ങിയ പരാമര്‍ശങ്ങളാണ് ഡോ. സി എന്‍ വിജയകുമാരിയില്‍ നിന്നുണ്ടായെന്ന് വിദ്യാര്‍ഥി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
അക്കാദമിക് യോഗ്യതയില്ലാത്തതിനാല്‍ കാര്യവട്ടം ക്യാമ്പസിലെ ഗവേഷക വിദ്യാര്‍ഥിയായ വിപിന്‍ വിജയന് പി എച്ച് ഡി അനുവദിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് ഡീനായ ഡോ. സി എന്‍ വിജയകുമാരി വൈസ് ചാന്‍സര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് പ്രബന്ധ ഗൈഡ് ആയ അധ്യാപികയോടുള്ള ഉദ്യോഗസ്ഥ തല പ്രശ്‌നങ്ങളും തന്റെ സമുദായത്തിനോടുള്ള സ്പര്‍ദ്ദയും മൂലമാണെന്നും വിപിന്‍ പരാതിയില്‍ പറഞ്ഞിരുന്നു.
STORY HIGHLIGHT : minister r bindu on kerala university caste abuse
















