ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള ഉന്നതർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുർക്കി. വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തിയാണ് തുർക്കിയിലെ ഇസ്താംബുൾ ചീഫ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് വാറണ്ട് പുറപ്പെടുവിച്ചത്. 37 ഇസ്രയേൽ ഉദ്യോഗസ്ഥർക്കെതിരെയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, സൈനിക മേധാവി ഏയൽ സാമിർ എന്നിവർക്കും നിരവധി ഉദ്യോഗസ്‌ഥർക്കുമെതിരെയാണ് അറസ്റ്റ് വാറണ്ട്.
ഗാസയിലെ ജനങ്ങൾക്കെതിരെ നടത്തിയ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും വംശഹത്യയുമാണ് പ്രധാന കുറ്റം. ഇതിനു പുറമേ, ഗാസയിലേക്ക് സഹായവുമായി എത്തിയ ഫ്ലോട്ടിലകൾക്കെതിരെ (ചെറു കപ്പലുകൾ) നടത്തിയ ആക്രമണങ്ങളും വാറണ്ടിന് കാരണമായി.
വാറണ്ട് നൽകിയ നടപടിയെ ഇസ്രയേൽ അപലപിച്ചു. വാറണ്ട് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാന്റെ പിആർ സ്‌റ്റണ്ടാണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ ആരോപിച്ചു. എർദൊഗാന്റെ തുർക്കിയിൽ രാഷ്ട്രീയ വൈരികളെ നിശബ്‌ദരാക്കാനും മാധ്യമപ്രവർത്തകരെയും ന്യായാധിപന്മാരെയും മേയർമാരെയും തുറങ്കിലടയ്‌ക്കാനുമുള്ള ആയുധമാണ് ജുഡീഷ്യറിയെന്നും ഗിഡിയൻ സാർ പറഞ്ഞു. അതേസമയം, വാറണ്ടിനെ സ്വാഗതം ചെയ്‌ത ഹമാസ്, തുർക്കി ജനതയുടെയും ഭരണനേതൃത്വത്തിന്റെയും നിലപാടിനെയാണ് ഇത് സ്‌ഥിരീകരിക്കുന്നതെന്ന് പറഞ്ഞു.
















