വടകര: വള്ളിക്കാട് പ്രദേശത്ത് കുറുക്കന്റെ ആക്രമണം വ്യാപകമായതോടെ നാട്ടുകാർ ഭീതിയിൽ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് പേർക്ക് പരിക്കേറ്റതോടെ പ്രദേശത്ത് ആശങ്കയും ഉത്കണ്ഠയും ഉയർന്നു.
ഇന്നലെ രാത്രിയിലാണ് പുലയൻകണ്ടി താഴെ രജീഷിനെ കുറുക്കൻ ആക്രമിച്ചത്. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ കുറുക്കൻ അദ്ദേഹത്തിന്റെ കൈവിരലിന്റെ ഭാഗം കടിച്ചെടുത്തു.
നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ വിരലിന്റെ ഭാഗം കണ്ടെത്തി ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും, വിരൽ തുന്നിച്ചേർക്കാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇതിന് മുമ്പ് വെള്ളിയാഴ്ച്ച രാവിലെ പുഞ്ചപ്പാലം, രയരോത്ത് പാലം എന്നീ പ്രദേശങ്ങളിൽ മൂന്ന് പേരെ കുറുക്കൻ കടിച്ചിരുന്നു. വലിയ പറമ്പത്ത് അനാമിക (6) വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെ കൈയിൽ കടിയേറ്റു. അതേ സമയം പുലയൻകണ്ടി നിവേദ്നും മടത്തുംതാഴെ കുനി മോളിയ്ക്കും പരിക്കേറ്റു. പരിക്കേറ്റ മൂന്നുപേരും നിലവിൽ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
തുടർച്ചയായ ആക്രമണങ്ങൾക്കെതിരെ നാട്ടുകാർ പ്രതിഷേധം പ്രകടിപ്പിക്കുകയും, വന്യജീവി വകുപ്പിന്റെ ഇടപെടലും നിരീക്ഷണവും ഉടൻ ആരംഭിക്കണം എന്നാവശ്യപ്പെട്ടുമിരിക്കുന്നു. പ്രദേശത്ത് കുറുക്കനെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
















