കോട്ടക്കൽ: കോട്ടക്കലിൽ പുലർച്ചെ വൻ തീപിടുത്തം. നഗരമധ്യത്തിലുള്ള ‘മഹാമേള’ എന്ന വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചെ അഞ്ചുമണിയോടെയാണ് തീ പടർന്നത്. 200 രൂപയ്ക്ക് എല്ലാ സാധനങ്ങളും വിൽക്കുന്ന ഈ കട പൂർണമായും കത്തി നശിച്ചു.
യാത്രക്കാരനാണ് തീപിടുത്തം ആദ്യം ശ്രദ്ധിച്ചത്. ഉടൻതന്നെ നാട്ടുകാരെ വിവരം അറിയിക്കുകയും ഫയർഫോഴ്‌സിനെ വിളിച്ചുവരുത്തുകയും ചെയ്തു.
രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി ദീർഘനേരം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. സമീപത്തുള്ള മറ്റ് കടകളിലേക്കും കെട്ടിടങ്ങളിലേക്കും തീ പടരാതിരിക്കാൻ ഫയർഫോഴ്‌സ് മുൻകരുതലുകൾ സ്വീകരിച്ചു.
തീപിടുത്തസമയത്ത് കടയിൽ ജീവനക്കാരുണ്ടായിരുന്നോയെന്നത് വ്യക്തമല്ല. തീപിടിത്തത്തിന്റെ കാരണങ്ങൾ അന്വേഷിക്കുന്നതായും ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.
















