സംഘർഷത്തെ തുടർന്ന് അടച്ച താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചു. കോടതി ഉത്തരവിന്റെ ബലത്തിലും പോലീസ് സംരക്ഷണയിലുമാണ് ഫാക്ടറി തുറന്നത്. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. താമരശ്ശേരി അമ്പായത്തോടുള്ള ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
പ്ലാന്റിലേക്കുള്ള മാലിന്യനീക്കം തടയരുതെന്ന് പറഞ്ഞ കോടതി സുരക്ഷ ഒരുക്കാൻ റൂറൽ എസ്.പിക്ക് നിർദേശം നൽകി. ജില്ലയിലെ ഏക അറവുമാലിന്യപ്ലാന്റ് പ്രവർത്തിക്കേണ്ടത് പൊതുവാവശ്യം. പ്ലാൻ്റ് പ്രവർത്തിക്കുമ്പോൾ പരിശോധന നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് കോടതി നിർദേശം. കേസിലെ പ്രതികൾ ഫ്രഷ് കട്ട് സ്ഥാപനത്തിന്റെ 100 മീറ്റർ പരിധിയിൽ പ്രവേശിക്കുന്നത് കോടതി വിലക്കി. ഇക്കാര്യം ജില്ലാ പോലീസ് മേധാവി ഉറപ്പാക്കണം. പ്ലാൻ്റ് പ്രവർത്തിക്കാൻ ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ റൂറൽ പൊലീസ് മേധാവിക്ക് നിർദേശം. നേരത്തെയുള്ള പോലീസ് സംരക്ഷണത്തിനു പുറമേയാണിത്.
















