ആയഞ്ചേരി: കോഴിക്കോട് റൂറൽ പൊലീസ് വൻ എംഡിഎംഎ വേട്ട നടത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കാറിൽ 150 ഗ്രാമിൽ അധികം എംഡിഎംഎയുമായി ഒരാൾ പിടിയിലായി.
പോക്ലർത്ത് താഴെ നടന്ന പരിശോധനയിൽ പിടിയിലായത് ആയഞ്ചേരി സ്വദേശിയായ കോട്ടക്കണ്ടി നിസാർ ആണ്. ഇയാളെ നർകോട്ടിക് ഡിവൈഎസ്.പി പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
റൂറൽ എസ്.പി ബൈജു ഇ.കെ. യ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നിസാറിന്റെ കാറിൽ സൂക്ഷിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
ഓപ്പറേഷനിൽ എസ്.ഐ. രഞ്ജിത്ത്, എസ്.ഐ. ശ്രീലേഷ്, എ.എസ്.ഐ. ഗണേശൻ, എ.എസ്.ഐ. ഷിജേഷ്, എസ്.സി.പി.ഒ. സജീവൻ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. മനോജ് രാമത്ത്, എ.എസ്.ഐ. വിനീഷ് വി.സി., എ.എസ്.ഐ. ഷാജി ബി.വി., സിപിഒമാരായ അഖിലേഷ് ഇ.കെ., ഷോബിത്ത് എന്നിവർ പങ്കെടുത്തു.
പിടിയിലായ പ്രതിയെ കൂടുതൽ അന്വേഷണം പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
















