വടകര: മരുന്ന് ഉപയോഗത്തെയും ദുരുപയോഗത്തെയും കുറിച്ച് സമൂഹത്തിൽ വ്യക്തമായ ബോധവത്കരണം സൃഷ്ടിക്കുന്നതിനായി സർക്കാർ തലത്തിൽ ഡ്രഗ് കൗൺസിലിങ് സെന്ററുകൾ ആരംഭിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) വടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
ഔഷധശാസ്ത്രം പ്രധാന വിഷയമായി പഠിച്ച ഫാർമസിസ്റ്റുകളുടെ നേതൃത്വത്തിലാണ് ഇത്തരം സെന്ററുകൾ ആരംഭിക്കണമെന്ന് സമ്മേളനം നിർദ്ദേശിച്ചു. മരുന്നുകളുടെ ശരിയായ ഉപയോഗം, പ്രത്യേകിച്ച് ആന്റിബയോട്ടിക് മരുന്നുകളുടെ നിയന്ത്രിത പ്രയോഗം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിൽ ഇത്തരം കൗൺസിലിങ് കേന്ദ്രങ്ങൾ നിർണായകമാകുമെന്ന് അഭിപ്രായപ്പെട്ടു.
സമ്മേളനം കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാർമസിസ്റ്റുകളുടെ സേവനം ആരോഗ്യരംഗത്തിന്റെ ശക്തിവർധനയ്ക്കാണെന്ന് പറഞ്ഞു.
“ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന കണ്ണിയാണ് ഫാർമസിസ്റ്റ്. ഔഷധ ഗവേഷണം, നിർമാണം, വിതരണം, കൗൺസിലിങ് തുടങ്ങി എല്ലാ മേഖലകളിലും ഇവർ പൊതുജനാരോഗ്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകുന്നു,” — കെ.കെ. രമ പറഞ്ഞു.
സമ്മേളനത്തിന് ഏരിയാ ആക്ടിംഗ് പ്രസിഡന്റ് പി. സിജിന അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയൻ കോറോത്ത്, ജില്ലാ സെക്രട്ടറി എൻ. സിനീഷ്, ഷജിൻ കെ, ഷെറിൻ കുമാർ എം, നജീർ എൻ.ടി, അനുശ്രി ആർ, ഐ. മണി, സി. സുമേഷ് എന്നിവർ പ്രസംഗിച്ചു.
ഏരിയാ സെക്രട്ടറി രാഹുൽ കെ.പി. പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.പി. നാരായണ പ്രകാശ് വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി രമ്യാ ജിനേഷ് (പ്രസിഡന്റ്), അനുശ്രി ആർ, സി. സുമേഷ് (വൈസ് പ്രസിഡന്റ്‌മാർ), അഫ്രാസ് പി (സെക്രട്ടറി), സിജിന പി, ലിനു എം (ജോയിന്റ് സെക്രട്ടറി), വി.പി. നാരായണ പ്രകാശ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
















