വടകര: കേരളം ഇതുവരെ കണ്ട ഏറ്റവും മുടിയനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. നൂറുകണക്കിന് പോലീസുകാരുടെ സുരക്ഷയോടെയാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും, സ്വന്തം നിഴലിനേയും പേടിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി എന്നും മുല്ലപ്പള്ളി പറഞ്ഞു.
‘വളരണം അഴിയൂർ, തുടരണം ജനകീയ മുന്നണി’ എന്ന സന്ദേശവുമായി യു.ഡി.എഫ്–ആർ.എം.പി.ഐ സംയുക്തമായി സംഘടിപ്പിച്ച ജനകീയ വികസന ജാഥ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷത്തെ ഇടത് ഭരണത്തിൽ കേരളം അഴിമതിയുടെയും നുണയുടെയും കേന്ദ്രമായി മാറിയെന്നും, ശബരിമലയെയും അഴിമതിയുടെ കുടിലായി മാറ്റിയതാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
“ദേവസ്വം ബോർഡ് പ്രസിഡന്റായി ജയകുമാറിനെ നിയമിച്ച് ശബരിമല കൊള്ളയെ വെള്ളപൂശാൻ ശ്രമിച്ചാലും ജനങ്ങൾ അത് അംഗീകരിക്കില്ല,” — മുല്ലപ്പള്ളി വ്യക്തമാക്കി.
പത്ത് വർഷത്തെ ഇടത് ഭരണകാലത്ത് ദാരിദ്ര്യനിർമാർജനമാണ് നടന്നതെന്ന് പറയുന്ന സിപിഎം, തങ്ങളുടെ ഭരണകാലത്ത് എത്ര പേർ ശതകോടീശ്വരന്മാരായെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമ്മേളനത്തിന് മുന്നണി ചെയർമാൻ കെ. അൻവർ ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ ജാഥാ നേതാവായി.
ഒ.കെ. കുഞ്ഞബ്‌ദുള്ള, എൻ.പി. ഭാസ്ക്കരൻ, ടി.സി. രാമചന്ദ്രൻ, പ്രദീപ് ചോമ്പാല, പി. ബാബുരാജ്, യു.എ. റഹീം, അനുഷ ആനന്ദ സദനം, പി.പി. ഇസ്‌മായിൽ, ഇ.ടി. അയ്യൂബ്, വി.പി. പ്രകാശൻ, വി.കെ. അനിൽ കുമാർ, കാസിം നെല്ലോളി, കെ.പി. രവീന്ദ്രൻ, പി.കെ. കാസിം, എം. ഇസ്‌മായിൽ, ഹാരിസ് മുക്കാളി, കെ.കെ. ഷറീൻ കുമാർ, സി. സുഗതൻ എന്നിവർ പ്രസംഗിച്ചു.
















