ദുബൈ: സന്ദർശക വിസയിൽ ദുബൈയിലെത്തിയ കോഴിക്കോട് സ്വദേശി യുവാവ് കെട്ടിടത്തിൽനിന്ന് തെന്നിവീണ് ദാരുണമായി മരിച്ചു. വെള്ളിപ്പറമ്പ് വിരുപ്പിൽ മുനീറിന്റെയും പുത്തൂർമഠം കൊശാനി വീട്ടിൽ ആയിഷയുടേയും മകൻ മുഹമ്മദ് മിശാൽ (19) ആണ് മരണപ്പെട്ടത്.
ദുബൈയിലെ താമസകെട്ടിടത്തിന്റെ മുകളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ തെന്നിവീണ് താഴേക്ക് വീണതാണ് അപകടകാരണം. അപകടത്തിന് പിന്നാലെ ഉടൻ തന്നെ റാശിദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മിശാൽ ഏതാനും ആഴ്ചകൾ മുമ്പാണ് സന്ദർശക വിസയിൽ ദുബൈയിലെത്തിയത്. രണ്ട് സഹോദരിമാരുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
















