ചാത്തന്നൂർ: ദേശീയപാതയിലെ ശീമാട്ടി മേൽപ്പാതയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് നിയന്ത്രണം തെറ്റി സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു കയറി. ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവായി. ഏതാനും യാത്രക്കാർക്ക് ചെറിയ പരിക്കുകളാണ് സംഭവിച്ചത്.
അപകടം ഇന്നലെ രാവിലെ പത്തു മണിയോടെയായിരുന്നു. മേൽപ്പാതയുടെ മധ്യഭാഗത്ത് അടിപ്പാതയ്ക്കായി നിർമ്മിച്ച പാലത്തിന്റെ ഇരുവശത്തും സംരക്ഷണ ഭിത്തി പൂർണമായി നിർമിച്ചിട്ടില്ലെന്നതാണ് അപകടത്തിന് കാരണമായത്. കോൺക്രീറ്റ് പണി പൂർത്തിയാകാതെ കമ്പികൾ മാത്രമായി കിടക്കുന്ന ഭാഗത്തിലേക്കുള്ള പ്രവേശനം തടയാനായി റോഡിന്റെ വശത്ത് സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബിലാണ് ബസ് ആദ്യം ഇടിച്ചത്. അതിന്റെ ആഘാതത്തിൽ വാഹനം നിയന്ത്രണം തെറ്റി മേൽപ്പാതയുടെ ഉയരം കൂടിയ ഭാഗത്തെ സംരക്ഷണ ഭിത്തിയിലേക്കാണ് കയറിയത്.
വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഈ കോൺക്രീറ്റ് സ്ലാബ് വ്യക്തമായി തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളതിനാൽ അപകട സാധ്യത എപ്പോഴും നിലനിൽക്കുന്നുവെന്നതാണ് നാട്ടുകാരുടെ ആരോപണം.
തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് സഞ്ചരിച്ച കെഎസ്ആർടിസി ബസിനാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ യാത്രക്കാർ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
















