ഫോണില്‍ കോൾ വരുമ്പോൾ ട്രൂകോളർ ഇല്ലാതെ തന്നെ ആരാണ് വിളിക്കുന്നതെന്ന് നേരിട്ടറിയുന്ന സേവനത്തിന് തുടക്കം. രാജ്യത്ത് രണ്ടു സംസ്ഥാനങ്ങളിലായാണ് ടെലികോം കമ്പനികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനം ആരംഭിച്ചിരിക്കുന്നത്. കോള്‍ വരുന്ന സമയത്ത് നമ്പറിനൊപ്പം നമ്പറിന്റെ ഉടമയുടെ പേരുകൂടി ദൃശ്യമാകുന്ന ‘കോളിങ് നെയിം പ്രസന്റേഷന്‍ (സിഎന്‍എപി)’ എന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്. ട്രൂകോളറില്‍ ആരുടെ പേരാണ് രജിസ്റ്റര്‍ചെയ്തിരിക്കുന്നതെന്നത് അനുസരിച്ചാകും പേര് വരുക. എന്നാൽ ഈ സേവനത്തില്‍ സിം രജിസ്റ്റര്‍ചെയ്യുമ്പോള്‍ നല്‍കുന്ന ഫോമിലെ അതേപേരാകും ദൃശ്യമാകുക.
റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നീ കമ്പനികള്‍ ഹരിയാനയിലും എയര്‍ടെല്‍ ഹിമാചല്‍പ്രദേശിലുമാണ് പരീക്ഷണമെന്നനിലയില്‍ പുതിയ സേവനം നടപ്പാക്കിയത്. 2026 മാര്‍ച്ചോടെ ഇത് രാജ്യവ്യാപകമായി നടപ്പാക്കണമെന്നാണ് കേന്ദ്ര ടെലികോം വകുപ്പ് കമ്പനികളോട് നിര്‍ദേശിച്ചിരിക്കുന്നത്. അതിനുമുന്നേ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇതു വ്യാപിപ്പിക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
നിലവില്‍ ട്രൂകോളര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഫോണുകളില്‍ വിളിക്കുന്നവരുടെ പേര് കാണാനാകും. എന്നാല്‍, ഇതിന് ഔദ്യോഗിക സ്വഭാവമില്ല. ട്രൂകോളറില്‍ ആരുടെ പേരാണ് രജിസ്റ്റര്‍ചെയ്തിരിക്കുന്നതെന്നത് അനുസരിച്ചാകും പേര്. അതുകൊണ്ടുതന്നെ വ്യാജപേര് നല്‍കി കബളിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. ടെലികോം കമ്പനികള്‍ നല്‍കുന്ന സേവനത്തില്‍ സിം രജിസ്റ്റര്‍ചെയ്യുമ്പോള്‍ നല്‍കുന്ന ഫോമിലെ അതേപേരാകും ദൃശ്യമാകുക. അതുകൊണ്ടുതന്നെ വിവരം കൃത്യമായിരിക്കും. ഫോണില്‍ പേര് സേവ് ചെയ്തിട്ടില്ലെങ്കിലും പേര് ദൃശ്യമാകും.
രാജ്യവ്യാപകമായി ഇതു നടപ്പാകുന്നതോടെ എല്ലാ മൊബൈല്‍ഫോണുകളിലും ഈ സേവനം ലഭ്യമായിത്തുടങ്ങും. മൊബൈല്‍ ആശയവിനിമയം കൂടുതല്‍ സുതാര്യമാക്കുന്ന വിപ്ലവകരമായ നീക്കമായാണ് ഇതിനെ കാണുന്നത്. സൈബര്‍ത്തട്ടിപ്പുകള്‍ വലിയ അളവില്‍ തടയാന്‍ ഇതുവഴി കഴിയുമെന്ന് സര്‍ക്കാര്‍ കരുതുന്നു.
















