‘കുടുംബ വിളക്ക്’ എന്ന സീരിയലിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് രേഷ്മ എസ് നായര്‍. താന്‍ പ്രണയത്തിലാണെന്ന വാര്‍ത്ത മുൻപ് രേഷ്മ അറിയിച്ചിരുന്നു. വിവാഹ നിശ്ചയത്തിന്റെ വിവരവും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറിയതായി അറിയിച്ചിരിക്കുകയാണ് രേഷ്മ എസ് നായർ.
രേഷ്മ പങ്കുവച്ച കുറിപ്പ്– ‘അറിയിപ്പ്!! എല്ലാവർക്കും ഹായ്, ആശയക്കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് ഞാനിത് തുറന്നു പറയുന്നത്. എന്റെ വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞതാണെങ്കിലും ഞങ്ങൾക്കിടയിൽ നടന്ന സംഭാഷണങ്ങൾക്കും വ്യക്തമായ ധാരണയ്ക്കും ശേഷം ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ രണ്ട് കുടുംബങ്ങളും തീരുമാനിച്ചു. തീർത്തും ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയുമാണ് ഈ തീരുമാനം എടുത്തത്. അതിൽ യാതൊരു ഖേദവുമില്ല. എന്റെ ജീവിതത്തിന് അനുയോജ്യമായ തീരുമാനമെടുത്തതിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നു.
ഞാൻ ഇത് ആരോടും വ്യക്തിപരമായി വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ദയവായി വിശദാംശങ്ങൾ ചോദിക്കുന്നത് ഒഴിവാക്കുക. എന്റെ സമാധാനം, എന്റെ തിരഞ്ഞെടുപ്പ്, എന്റെ ഭാവി എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. അതിനെ മാനിക്കുന്നതിന് നന്ദി. രേഷ്മ.’
















