കൊല്ലം: ചവറ സൗത്ത് അഷ്ടമുടിക്കായലിനു കുറുകെ പുളിമുട്ടിൽ കടവും സെന്റ് സെബാസ്റ്റ്യൻ ഐലൻഡും ബന്ധിപ്പിക്കുന്ന നടപ്പാലം നിർമ്മിക്കാൻ 3.2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സാങ്കേതിക അനുമതി ലഭിക്കുന്നതോടെ ടെൻഡർ നടപടി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
2022–23 ബജറ്റിൽ പാലത്തിനായി ഒരു കോടി രൂപ മാറ്റി വച്ചിരുന്നെങ്കിലും തയ്യാറാക്കിയ പുതിയ എസ്റ്റിമേറ്റിൽ ചെലവ് 3 കോടി രൂപ കവിയുകയായിരുന്നു. ഇതിനെ തുടർന്ന് പുതുക്കിയ തുകയ്ക്കാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചത്.
നിലവിൽ 22 കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശം പുറത്തുള്ള ലോകവുമായി ബന്ധപ്പെടുന്നത് കടത്തു വഴിയാണ‌്. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ താമസക്കാരെ കരയിലേക്ക് എത്തിക്കുന്നതിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നതായും നാട്ടുകാർ പറയുന്നു. പാലം യാഥാർഥ്യമാകുന്നതോടെ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രദേശവാസികൾ പ്രതീക്ഷിക്കുന്നു. മണ്ണ് പരിശോധന നേരത്തെ പൂർത്തിയായിട്ടുണ്ട്.
കാടൻമൂല–കൊച്ചുതുരുത്ത് പാലത്തിനും മുൻപ് ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാനായിട്ടില്ല. ഒരു ഭൂവുടമയുടെ സമ്മതപത്രം ലഭിക്കാനാണ് ബാക്കിയുള്ളത്. ഇത് ലഭിക്കുന്നതോടെ നിർമാണം ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, പടപ്പനാൽ–പുളിമുട്ടിൽകടവ് റോഡ് മെച്ചപ്പെടുത്തുന്നതിനായി 5.5 കോടി രൂപയും അനുവദിച്ചു. ശബരിമല തീർഥാടനത്തോടനുബന്ധിച്ച് റോഡ് ബി.സി ലെയർ ചെയ്യുന്നതിനുള്ള ചെലവിനായാണ് തുക വകയിരുത്തിയത്. റോഡ് പരിശോധന പൂർത്തിയാകുന്ന ഉടൻ ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് എംഎൽഎ സുജിത്ത് വിജയൻ പിള്ള അറിയിച്ചു.
















