ദോഹ : തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം കേരളത്തില്‍ കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ച സാഹചര്യത്തില്‍ പ്രവാസികളുടെ ആശങ്കയകറ്റാനും ലിസ്റ്റില്‍ പേരുകള്‍ ചേര്‍ക്കുന്നതിലും അനുബന്ധ രേഖകള്‍ ശരിയാക്കാന്നതിലുമുള്ള സംശയങ്ങൾ ദൂരീകരിക്കാൻ പ്രവാസി വെല്‍ഫെയര്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്ക് ആരംഭിച്ചു. സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്ക് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിലെത്തി നില്‍ക്കെ തിടുക്കപ്പെട്ട് കേരളത്തില്‍ എസ്.ഐ.ആര്‍ പ്രഖ്യാപിച്ചത് ജനങ്ങളെ ദുരിതത്തിലാഴ്ത്തുമെന്നും അര്‍ഹരായവര്‍ ലിസ്റ്റില്‍ നിന്ന് പുറത്തായി പോകാതിരിക്കാൻ പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി നടക്കുന്ന നടപടി ക്രമത്തിൽ അർഹരായവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തന്നതിലും അനർഹർ കയറി പറ്റാതിരിക്കാനും രാജ്യത്തെ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയിൽ പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡണ്ട് മജീദ് അലി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് റഷീദലി, സെക്രട്ടറി റബീഅ് സമാന്‍, സംസ്ഥാന കമ്മറ്റിയംഗം സജ്ന സാക്കി, മലപ്പുറം ജില്ലാ പ്രസീഡണ്ട് അമീന്‍ അന്നാര തുടങ്ങിയവര്‍ സംസാരിച്ചു.
നുഐജയിലെ പ്രവാസി വെല്‍ഫെയര്‍ ഓഫീസിലാണ് ഇന്‍ഫര്‍മേഷന്‍ ഡെസ്ക് പ്രവര്‍ത്തിക്കുക. എല്ലാ ദിവസവും വൈകുന്നേരം 6 മണിമുതല്‍ 9 മണി വരെ നേരിട്ട് വന്ന് സേവനം ഉപയോഗപ്പെടുത്താം. 33357011 എന്ന വാട്സപ്പ് നമ്പറിലും ബന്ധപ്പെട്ട് സംശയ നിവാരണം നടത്താവുന്നതാണ്.
















