മസ്കത്ത്: 2026ലെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ട്രെൻഡിംഗ് യാത്രാ കേന്ദ്രങ്ങളുടെ പട്ടികയിൽ ഒമാൻ തലസ്ഥാനമായ മസ്‌കത്ത് ഇടം നേടി. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക (ഇ എം ഇ എ ) മേഖലകളിൽ നിന്നുള്ള യാത്രക്കാരുടെ പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്.
മാരിയറ്റ് ബോൺവോ പുറത്തിറക്കിയ 2026 ഇ എം ഇ എ ടിക്കറ്റ് ടു ട്രാവൽ റിപ്പോർട്ട് പ്രകാരം, സർവേയിൽ പങ്കെടുത്ത 79 ശതമാനം യാത്രക്കാരും അടുത്ത വർഷം അവധിക്കാല യാത്രകൾക്ക് പരിഗണിക്കുന്ന പ്രധാന ഡെസ്റ്റിനേഷനുകളിൽ മസ്ക്കത്തും ഉൾപ്പെട്ടതായി കണ്ടെത്തി.
സർവേയിൽ പങ്കെടുത്ത യാത്രക്കാർ 2025-ലെതിനെക്കാൾ കൂടുതൽ അല്ലെങ്കിൽ തുല്യമായി 2026-ൽ യാത്ര ചെയ്യുമെന്ന് അറിയിച്ചു.
മാരിയറ്റ് ബോൺവോയിയുടെ ബുക്കിംഗ് ഡാറ്റ അനുസരിച്ച് യാത്രികർ ഏറെ ആകർഷിക്കുന്ന മറ്റ് നഗരങ്ങളിൽ നോർവേയിലെ ഓസ്സോ, അൾജീരിയയിലെ അൾജിയേഴ്‌സ്, ക്രൊയേഷ്യയിലെ സ്പ്ലിറ്റ്, സാഗ്രെബ്, കൂടാതെ ഡെൻമാർക്കിലെ കോപ്പൻഹേഗൻ എന്നിവയും ഉൾപ്പെടുന്നു. സന്ദർശിക്കേണ്ട മികച്ച പത്തു യാത്രാകേന്ദ്രങ്ങളുടെ പട്ടികയിൽ യുഎഇയും സൗദി അറേബ്യയും ഉൾപ്പെട്ടിട്ടുണ്ട്.
റിപ്പോർട്ടിന്റെ മറ്റൊരു പ്രധാന കണ്ടെത്തൽ — യാത്രാ ആസൂത്രണത്തിന് എഐ ഉപയോഗിക്കുന്നവർ വലിയ തോതിൽ വർധിച്ചുവരുന്നു. സർവേയിൽ പങ്കെടുത്തവരിൽ 50 ശതമാനം പേർ അവധിക്കാലം പ്ലാൻ ചെയ്യാനായി എഐ ഉപയോഗിച്ചതായി പറയുന്നു. കഴിഞ്ഞ വർഷം ഇത് 41 ശതമാനമായിരുന്നു. അതിനു മുൻപ് വെറും 26 ശതമാനം. രണ്ട് വർഷത്തിനുള്ളിൽ തന്നെ വലിയ വളർച്ചയാണിത്.
















