മലപ്പുറം: വൻ ലാഭവിഹിതം വാഗ്ദാനം ചെയ്ത് ബിസിനസ് പങ്കാളിത്തത്തിന്റെ പേരിൽ അരക്കോടിയിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കുരുവമ്പലം സ്വദേശി പുനീത്ത് സലാഹുദ്ദീനെ (36) യാണ് കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡി.എസ്.എ പ്രോപ്പർട്ടി സെല്ലിങ് ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ഭവനംപറമ്പ് സ്വദേശിയെ സലാഹുദ്ദീൻ വലയിലാക്കുകയായിരുന്നു. മൊബൈൽ ആപ്പുകളിലൂടെ വായ്പ എടുക്കാൻ പരാതിക്കാരനെ പ്രേരിപ്പിക്കുകയും തുക മാസംതോറും തിരിച്ചടക്കാമെന്നും വാഗ്ദാനം ചെയ്തു.
ഇങ്ങനെ 64.49 ലക്ഷം രൂപയാണ് സലാഹുദ്ദീൻ കൈക്കലാക്കിയത്. വിശ്വാസം പിടിക്കാനായി 11.4 ലക്ഷം രൂപ ബാങ്ക് വായ്പ തിരിച്ചടക്കലായി നൽകുകയും നാലുലക്ഷം രൂപ ലാഭവിഹിതമായി പല ഘട്ടങ്ങളിലായി നൽകുകയും ചെയ്തിരുന്നു. പിന്നീട് പ്രതി ബന്ധം ഒഴിവാക്കി കാണാതെയാവുകയായിരുന്നു.
തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ പരാതിക്കാരി പൊലീസ് സ്റ്റേഷനിൽ സമീപിച്ചു. ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും പ്രതിക്കെതിരെ സമാന കേസുകൾ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മഞ്ചേരി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
















