ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിൽ വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്കൂളിനെതിരെയും പ്രിൻസിപ്പലിനെതിരെയും രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകൾ ഏതാണെങ്കിലും എൻഒസി നൽകുന്നത് സംസ്ഥാന സർക്കാരാണെന്നും മന്ത്രി ഡൽഹിയിൽ പറഞ്ഞു.
മതേതരത്വത്തിന് വെല്ലുവിളിയാകുന്ന കാര്യങ്ങൾ നടത്താൻ ഒരു സ്കൂളിനേയും അനുവദിക്കില്ല. ഗണഗീതം ദേശഭക്തിഗാനമാണെന്ന അറിവ് പ്രിൻസിപ്പലിന് എങ്ങനെ കിട്ടിയെന്ന് വി. ശിവൻകുട്ടി ചോദിച്ചു. “ഇന്ത്യൻ റെയിൽവേ അധികാരികളും അവരെ നിയന്ത്രിക്കുന്നവരും സാമാന്യ മര്യാദപോലും കാണിക്കാതെ ഇന്ത്യൻ ഭരണഘടനയേയും ജനാധിപത്യത്തേയും വെല്ലുവിളിച്ചിരിക്കുകയാണ്. ഇത് അഹങ്കാരത്തിന്റെ സ്വരമാണ്. ഞങ്ങൾ എന്തും ചെയ്യും എന്നതിന്റെ തെളിവാണ്. ഏത് മാനേജ്മെന്റ് നടത്തുന്ന സ്കൂളാണെങ്കിലും മതേതരത്വത്തിനോ ജനാധിപത്യമൂല്യങ്ങൾക്കോ വെല്ലുവിളിയാകുന്ന ഒരു നടപടിക്രമങ്ങളും അനുവദിക്കില്ല. ചില നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഒസി നൽകുന്നത്. അത് ലംഘിച്ചാൽ എൻഒസി പിൻവലിക്കാനുള്ള അധികാരം കേരള-ദേശീയ വിദ്യാഭ്യാസ നിയമത്തിൽ പറയുന്നുണ്ട്. ഗണഗീതം ദേശഭക്തി ഗാനമാണെന്ന അറിവ് എവിടെനിന്ന് കിട്ടി എന്ന് അറിയില്ല. അതടക്കം മനസ്സിലാക്കാൻ വേണ്ടിയാണ് അന്വേഷണത്തിന് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോരുത്തരും പറയുന്നതനുസരിച്ചാണോ ദേശഭക്തി ഗാനം. ഇത് വിലയിരുത്തി പറയാൻ പ്രിൻസിപ്പലിന് എന്തധികാരമാണുള്ളത്”, വി. ശിവൻകുട്ടി ചോദിച്ചു.
സംഭവത്തിൽ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടനുസരിച്ചായിരിക്കും തുടർ നടപടിയുണ്ടാകുക എന്നാണ് വിവരം. സ്കൂൾ പ്രിൻസിപ്പലിന്റെ പരാമർശത്തിലടക്കം അന്വേഷണം ഉണ്ടാകുമെന്നാണ് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായി തിങ്കളാഴ്ച മന്ത്രി വി. ശിവൻകുട്ടി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നിവേദനം നൽകും.
എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ഉദ്ഘാടന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ എളമക്കര സരസ്വതി വിദ്യാനികേതന്‍ പ്രിൻസിപ്പൽ ഡിന്റോ കെ.പി. പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രിയുടെ നടപടി അപലപനീയമാണെന്നും സ്‌കൂളിനെതിരേ നടപടിയുണ്ടാകുമെന്ന് പറഞ്ഞാൽ ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടായാൽ നിയമപരമായി നേരിടുമെന്നും പ്രിൻസിപ്പൽ പറഞ്ഞിരുന്നു.
















