കോതമംഗലം നെല്ലിക്കുഴിയില്‍ ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിയും ഇടുക്കി മാങ്കുളം സ്വദേശമായ നന്ദന ഹരിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയില്ല എന്ന് പൊലീസ് പറഞ്ഞെങ്കിലും സമഗ്ര അന്വേഷണം വേണമെന്ന് മാതാപിതാക്കളും കോളജ് അധികൃതരും ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ 8.30ഓടുകൂടിയാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്‌സ് & സയന്‍സ് കോളജിന്റെ ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സറും ഇടുക്കി മാങ്കുളം സ്വദേശിയുമായ നന്ദന ഹരിയാണ് മരിച്ചത്. അവധി ദിവസം കഴിഞ്ഞ് ഹോസ്റ്റലിലേക്ക് എത്തിയ സഹപാഠിയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ നന്ദനയെ ആദ്യം കാണുന്നത്. കോളജ് അധികൃതര്‍ അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും സ്ഥലത്തെത്തി. സംഭവത്തില്‍ വിശദമായി അന്വേഷണം വേണമെന്നും ഇനി ആര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും എന്നും നന്ദനയുടെ പിതാവ് ഹരി പറഞ്ഞു.
ക്യാമ്പസിലോ ഹോസ്റ്റലിലോ നന്ദനയെക്കുറിച്ച് ആര്‍ക്കും ഭിന്നഭിപ്രായം ഇല്ല എന്നും, രാത്രി ഉറങ്ങുന്നതിനു മുമ്പ് വരെ ഫോണ്‍ വിളിക്കുന്നത് കണ്ടതായി ഹോസ്റ്റല്‍ മെട്രന്‍ പറഞ്ഞിരുന്നതായി കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. മരിക്കുന്നതിനുമുമ്പ് നന്ദന ഇന്‍സ്റ്റഗ്രാം ഐഡിയിലെ മുഴുവന്‍ പോസ്റ്റുകളും ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് കോതമംഗലം പൊലീസ് അറിയിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
STORY HIGHLIGHT : Girl’s death in Kothamangalam
















