ജിയോ ഉപയോക്താക്കൾക്ക് വമ്പൻ ഓഫറുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. ഇനി മുതൽ റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് 18 മാസത്തെ സൗജന്യ ഗൂഗിൾ AI പ്രോ സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാക്കിയിരിക്കുകയാണ്. ശനിയാഴ്ച മുതലാണ് ആനുകൂല്യം നൽകി തുടങ്ങിയത്.
ആദ്യം 18-നും 25-നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമായി സേവനം ചുരുക്കാൻ ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റി എല്ലാ പ്രായത്തിലുമുള്ള ഉപയോക്താക്കൾക്കും നല്കാൻ തീരുമാനിക്കുകയായിരുന്നു. 18 മാസത്തെ സൗജന്യ ജെമിനി പ്രീമിയം സൗകര്യം ലഭിക്കുന്നതിനായി 5G പ്ലാനുള്ള ഒരു സജീവമായ ജിയോ സിം കാർഡ് ആവശ്യമാണ്. ഇങ്ങനെ മാനദണ്ഡം പാലിക്കുന്നവർക്ക് മൈജിയോ ആപ്പ് വഴി സൗജന്യ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാവുന്നതാണ്.
സാധാരണ സൗജന്യ ജെമിനി സേവനങ്ങളിൽ നിന്ന് വിഭിന്നമായി ഗൂഗിൾ എഐ പ്രോ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോക്താക്കൾക്ക് നിരവധി സവിശേഷ ഫീച്ചറുകൾ നൽകുന്നുണ്ട്. പ്രതിമാസം 1,950 ചാർജ് ചെയ്യുന്ന ഈ പ്രീമിയം പ്ലാനിൽ ജെമിനി 2.5 പ്രോ എഐ മോഡലിലേക്കുള്ള വിപുലീകൃത ആക്‌സസ് , കൂടാതെ ‘നാനോ ബനാന’, ‘ഡീപ്പ് റിസർച്ച്’ പോലുള്ള സംവിധാനങ്ങൾ വഴി ഇമേജ് ജനറേഷൻ അടക്കമുള്ള ഫീച്ചറുകൾ ഉപയോഗിക്കാനുള്ള ആക്‌സസ് എന്നിവ ലഭിക്കും.
ഈ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനിലെ ഏറ്റവും കിടിലൻ ഫീച്ചർ Veo 3.1 ഫാസ്റ്റ് ആണ്. ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് AI വീഡിയോകൾ സൃഷ്ടിക്കാൻ ഇത് ഉപകരിക്കും.
















