കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിൽ വിമർശനവുമായി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. കെ സുധാകരൻ പ്രതിനിധീകരിക്കുന്ന സമുദായം മുച്ചൂടും തഴയപ്പെടുകയാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കെ സുധാകരൻ പങ്കെടുത്ത പരിപാടിയിലാണ് ശിവഗിരി മഠാധിപതിയുടെ വിമർശനം. സ്വാമി സച്ചിദാനന്ദയുടെ പരാമർശം വ്യക്തിപരമായ അഭിപ്രായമെന്ന് കെ സുധാകരൻ പ്രതികരിച്ചു. അദ്ദേഹത്തെ സ്‌നേഹിക്കുന്ന വലിയ ഒരു ജനവിഭാഗം ദുഃഖത്തിലാണ്. കാരണം അദ്ദേഹം നേതൃത്വ പദവിയിൽ അർഹിക്കപ്പെട്ട സ്ഥാനത്ത് നിന്ന് പിന്തള്ളപ്പെട്ടിരിക്കുന്നു.
സുധാകരൻ മാത്രമല്ല. അദ്ദേഹം ജനിച്ച് വളർന്ന സമുദായത്തിൽപ്പെട്ടയാളുകൾ ഇന്ന് മുച്ചൂടും തഴയപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന സത്യം മറച്ചുവെക്കാൻ സാധിക്കുകയില്ല – അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളുടെ പേരിലാണ് സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയത് എന്നാൽ ദേശീയ അധ്യക്ഷനേക്കാൾ ആരോഗ്യം സുധാകരനുണ്ട്. സുധാകരൻ നേതൃസ്ഥാനത്ത് നിന്നും അർഹതപ്പെട്ട സ്ഥാനത്തുനിന്നും തഴയപ്പെട്ടു. കെ സുധാകരൻ തഴയപ്പെട്ടത് എന്തുകൊണ്ടെന്ന് ചിന്തിക്കണം. കെ സുധാകരൻ പ്രതിനിധീകരിക്കുന്ന സമുദായം മുച്ചൂടും തഴയപ്പെടുന്നു.
നാലുവർഷം മുൻപ് രാഹുൽഗാന്ധി ശിവഗിരിയിൽ എത്തിയപ്പോൾ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കെ ബാബു മാത്രമായിരുന്നു സമുദായത്തിൽ നിന്ന് എംഎൽഎ ആയി ഉണ്ടായിരുന്നത്. ഒരു വാർഡിൽ പോലും മത്സരിക്കാൻ അനുവദിക്കുന്നില്ല എന്ന് പരാതി ശിവഗിരി മഠത്തിൽ എത്തുന്നു . എല്ലാ സമുദായത്തിനും അർഹതപ്പെട്ടത് നൽകിയില്ലെങ്കിൽ ഇനിയും പിന്തള്ളപ്പെടുമെന്ന് സംശയം വേണ്ട – അദ്ദേഹം പറഞ്ഞു.
STORY HIGHLIGHT : Swami Sachidananda about K Sudhakaran
















