ഗുരുഗ്രാമിലെ ഹൗസിങ് സൊസൈറ്റിയില്‍ പ്ലസ് വൺ വിദ്യാര്‍ഥിക്ക് നേരേ സഹപാഠികള്‍ വെടിയുതിര്‍ത്തു. ഉന്നതരും സമ്പന്നരായ പ്രമുഖരും താമസിക്കുന്ന ഗുരുഗ്രാം സെക്ടര്‍ 48-ലെ സെന്‍ട്രല്‍ പാര്‍ക്ക് റിസോര്‍ട്ട്‌സില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. വെടിയേറ്റ 17-കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളായ രണ്ട് വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളിലൊരാളുടെ പിതാവിന്റെ പേരിലുള്ള തോക്ക് ഉപയോഗിച്ചാണ് സഹപാഠിക്ക് നേരേ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. പ്രതികളും വെടിയേറ്റ കുട്ടിയും തമ്മില്‍ നേരത്തേയുണ്ടായിരുന്ന തര്‍ക്കമാണ് ആക്രമണത്തിനു കാരണമായത്.
മുഖ്യപ്രതിയും കൂട്ടുപ്രതിയും ചേര്‍ന്ന് സഹപാഠിയായ 17-കാരനെ മുഖ്യപ്രതിയുടെ പിതാവ് വാടകയ്‌ക്കെടുത്തിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മുഖ്യപ്രതിയാണ് തനിക്ക് നേരിട്ട് കാണണമെന്ന് പറഞ്ഞ് സഹപാഠിയായ 17-കാരനെ ആദ്യം ഫോണില്‍ വിളിച്ചത്. എന്നാല്‍, 17-കാരന്‍ ആദ്യം പോകാന്‍ കൂട്ടാക്കിയില്ല.
വീണ്ടും വിളിച്ചതോടെ കാണാമെന്ന് സമ്മതിച്ചു. തുടര്‍ന്ന് മുഖ്യപ്രതിയായ കുട്ടി തന്നെയാണ് 17-കാരനെ വീട്ടില്‍നിന്ന് അപ്പാര്‍ട്ട്‌മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അവിടെ എത്തിയപ്പോളാണ് രണ്ടാമത്തെ വിദ്യാര്‍ഥിയെ 17-കാരന്‍ കണ്ടത്.
തൊട്ടുപിന്നാലെ മുഖ്യപ്രതിയായ വിദ്യാര്‍ഥി 17-കാരന് നേരേ നിറയൊഴിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ വെടിയേറ്റനിലയില്‍ 17-കാരനെ കണ്ടെത്തുകയും ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റുകയുംചെയ്തു.
അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ ഒരു തോക്കും 65-ഓളം തിരകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.
















