ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിച്ചതിന് പിന്നാലെ വിദ്യാർത്ഥി തീകൊളുത്തി ആത്മഹത്യ ചെയ്തു. 22 കാരനായ ഉജ്ജ്വല്‍ റാണ എന്ന വിദ്യാർത്ഥിയാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഡിഎവി കോളജിലെ രണ്ടാം വർഷ ബിഎ വിദ്യാര്‍ത്ഥിയായ ഉജ്ജ്വൽ ശനിയാഴ്ചയാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 70 ശതമാനം പൊള്ളലേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ടാണ് മരണം സ്ഥിരീകരിച്ചത്. പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചതോടെ വിദ്യാർത്ഥി കോളജിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പിന്നാലെ കോളജ് പ്രിൻസിപ്പൽ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസുകാർ വിദ്യാര്‍ത്ഥിയെ മർദിച്ചെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ കോളജ് മാനേജർ, പ്രിൻസിപ്പൽ, അധ്യാപകൻ, 3 പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിദ്യാർത്ഥിയുടെ സഹോദരി പരാതി നൽകി.
















