സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫീസിൽ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾ സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർഥി പ്രഖ്യാപന നടപടികളും ഊർജിതമാക്കി.
ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് വിവരം. ഡിസംബര്‍ 20ന് മുന്‍പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയേക്കും.
പല തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാവധി മുന്നേറി സംസ്ഥാന ഭരണത്തിന് തുടര്‍ച്ച ഉണ്ടാക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടം സ്വന്തമാക്കി ആ ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്.
കോഴിക്കോട്, കണ്ണൂർ, തൃശൂർ, കൊച്ചി കോർപറേഷനുകളിൽ പ്രധാന പാർട്ടികളൊന്നും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവിൽ യുഡിഎഫിനു ഭരണമുള്ള ഏക കോർപറേഷനായ കണ്ണൂരിൽ കോൺഗ്രസും മുസ്‍ലിം ലീഗുമായുള്ള സീറ്റ് വിഭജനം അന്തിമമായിട്ടില്ല. ഇന്നു ചർച്ചയുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം നീളും. സിപിഎമ്മും സിപിഐയും ഇന്നലെ വിവിധ ജില്ലകളിൽ യോഗം ചേർന്ന് ജില്ലാ പഞ്ചായത്തുകളിലെയും കോർപറേഷനുകളിലെയും സ്ഥാനാർഥിപ്പട്ടികകൾക്കു അന്തിമരൂപം നൽകി.
അന്തിമ വോട്ടര്‍പ്പട്ടിക ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിച്ചിരുന്നു. കൂട്ടിച്ചേര്‍ക്കലുകള്‍ക്കായി അനുവദിച്ച രണ്ടുദിവസത്തെ അപേക്ഷകള്‍കൂടി പരിഗണിച്ച് 14ന് അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കും. 2020 ഡിസംബര്‍ 21നാണ് നിലവിലുള്ള ഭരണസമിതികള്‍ ചുമതലയേറ്റത്. പുതിയ സമിതികള്‍ ഡിസംബര്‍ 21ന് ചുമതലയേല്‍ക്കണം.
അതിനുമുന്‍പ് ഫലം പ്രഖ്യാപിച്ച്, പുതിയ ഭരണസമിതികള്‍ തെരഞ്ഞെടുക്കപ്പെട്ടതായി വിജ്ഞാപനം ഇറക്കുകയും വേണം. 941 പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, മട്ടന്നൂര്‍ ഒഴികെ 86 മുനിസിപ്പാലിറ്റി, ആറ് കോര്‍പറേഷന്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 വരെയാണ്.
സ്ഥാനാര്‍ഥികളുടെ അന്തിമരൂപം ആയാല്‍ 14 ദിവസമാണ് പ്രചാരണത്തിന് ലഭിക്കുക. അന്തിമ പട്ടികയില്‍ 2,84,30,761 വോട്ടര്‍മാരാണുള്ളത്. 1,33,52,996 പുരുഷന്മാരും 1,49,59,273 സ്ത്രീകളും 271 ട്രാന്‍സ്ജെന്‍ഡര്‍മാരും.
















