എറണാകുളം തമ്മനത്തുള്ള കുടിവെള്ള ടാങ്ക് പൊട്ടിയതിനെ തുടർന്ന് കൊച്ചി നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടും. തൃപ്പൂണിത്തുറ മേഖലയില്‍ പൂര്‍ണമായും പേട്ടയില്‍ ഭാഗികമായും ജലവിതരണം തടസപ്പെടും. ടാങ്ക് പൂര്‍ണതോതില്‍ നേരെയാക്കാന്‍ വൈകുമെന്നാണ് സൂചന.
അതേസമയം, ടാങ്കിന്‍റെ ഓവര്‍ഫ്ലോ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും കാലപ്പഴക്കം കണക്കിലെടുക്കാതിരുന്നതാണ് വിനയായതെന്നും ഉമാ തോമസ് എംഎല്‍എ പ്രതികരിച്ചു. ജലവിതരണം സുഗമമാക്കാൻ പകരം സംവിധാനം ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
വാട്ടര്‍ അതോറിറ്റിയുടെ നാല്‍പത് വര്‍ഷത്തോളം പഴക്കമുള്ള കൂറ്റന്‍ ടാങ്കാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ തകര്‍ന്നത്. 1.35 കോടി ലീറ്റര്‍ ശേഷിയുള്ള ടാങ്കില്‍ 1.10കോടി ലീറ്റര്‍ വെള്ളം ഉണ്ടായിരുന്നു. ടാങ്ക് തകര്‍ന്നതോടെ പത്തോളം വീടുകളില്‍ വെള്ളം കയറി. മതിലുകള്‍ തകര്‍ന്നു. വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. കോര്‍പറേഷന്‍റെ 45–ാം ഡിവിഷനിലെ ജലസംഭരണിയാണ് തകര്‍ന്നത്.
















