നാദാപുരം: ഇരിങ്ങണ്ണൂരിൽ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങണ്ണൂർ സൗത്ത് മഞ്ഞോത്ത് മീത്തൽ ഷൈനുവിന്റെ ഭാര്യ വിജിഷ (42) ആണ് മരിച്ചത്.
ശനിയാഴ്ച ഭർതൃവീടിനോട് ചേർന്ന തറവാട്ട് വീട്ടിലെ കിണറ്റിൽ വിജിഷയെ മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ കരയ്ക്കു കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിണറിനോട് ചേർന്ന കുളിമുറിയിൽ ബക്കറ്റ് മറിഞ്ഞ നിലയിൽ കണ്ടതായി പറയുന്നു. സംഭവത്തിൽ സ്വയം ചാടിയതാകാമെന്നാണ് പ്രാഥമിക അനുമാനം. സംഭവം നടക്കുമ്പോൾ ഭർത്താവ് ഷൈനു വീട്ടിൽ ഉണ്ടായിരുന്നില്ല.
മൃതദേഹം തലശ്ശേരി ഗവ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന് ഇരിങ്ങണ്ണൂർ സൗത്ത് ഭർതൃവീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം നാദാപുരം കുമ്മങ്കോട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.
തറമ്മൽ കുഞ്ഞി ചാത്തു നമ്പ്യാരിന്റെയും വിജയലക്ഷ്മിയുടെയും മകളാണ് വിജിഷ. മക്കൾ: വിഷ്ണു (പ്ലസ്‌ടു വിദ്യാർത്ഥി, ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ), വൈഷ്ണവ് (ആറാം ക്ലാസ്, ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ). സഹോദരൻ: വിവേക്.
















