പിആർ വിവാദങ്ങളും ശക്തമായ മത്സരവും നിറഞ്ഞ ബിഗ് ബോസ് മലയാളം സീസൺ 7 ൽ , അതിന്റെ അലയൊലികൾക്കിടയിൽ നിന്നാണ് അനുമോൾ വിജയകിരീടം ചൂടിയത്. ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന്, ആദ്യമായി ഫിനാലെയിൽ എത്തുകയും ഫസ്റ്റ് റണ്ണറപ്പ് ആകുകയും ചെയ്യുന്ന ‘കോമണർ’ എന്ന റെക്കോർഡ് അനീഷ് സ്വന്തമാക്കി , ഷാനവാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നെവിൻ നാലാമതും അക്ബർ അഞ്ചാം സ്ഥാനത്തും എത്തി. ഈ സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ മത്സരാർത്ഥികളിൽ ഒരാൾ അനുമോളാണ്. പ്രതിദിനം 65,000 രൂപ എന്ന കണക്കിൽ 100 ദിവസം വീട്ടിൽ പൂർത്തിയാക്കിയപ്പോൾ, അനുമോൾക്ക് പ്രതിഫലമായി മാത്രം ലഭിക്കുന്നത് ഏകദേശം 65 ലക്ഷം രൂപയാണ്.
സമ്മാനത്തുകയേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന മത്സരാർത്ഥി എന്ന കൗതുകം കൂടിയുണ്ട് അനുമോളുടെ കാര്യത്തിൽ. ഈ പ്രതിഫലം നികുതിയിളവുകൾക്ക് വിധേയമായിരിക്കും.ബിഗ് ബോസ് വിജയിക്കുള്ള ക്യാഷ് പ്രൈസും അനുമോൾ ഏറ്റുവാങ്ങി. വിജയിക്ക് പ്രഖ്യാപിച്ച 50 ലക്ഷം രൂപയിൽ നിന്ന്, ‘ബിഗ് ബാങ്ക് വീക്ക്’ ടാസ്കുകളിലൂടെ മത്സരാർത്ഥികൾ നേടിയ തുക കുറച്ചതിനു ശേഷം ബാക്കിയുള്ള 42.55 ലക്ഷം രൂപയാണ് അനുമോൾക്ക് ക്യാഷ് പ്രൈസായി ലഭിച്ചത്.
ഈ സമ്മാനത്തുകയ്ക്ക് നിലവിലെ നിയമങ്ങൾ അനുസരിച്ച് ഏകദേശം 30% വരെ നികുതി നൽകേണ്ടിവരും. നികുതി കിഴിച്ചുള്ള തുകയായിരിക്കും അനുമോൾക്ക് കൈമാറുക. പ്രതിഫലം, ക്യാഷ് പ്രൈസ്, ആഢംബര കാർ എന്നിവയെല്ലാം ചേർത്ത്, ബിഗ് ബോസ് മലയാളം സീസൺ 7-ൽ നിന്ന് ഏതാണ്ട് ഒരു കോടി രൂപയോളം മൂല്യമുള്ള സമ്മാനങ്ങളുമായാണ് അനുമോൾ പുറത്തിറങ്ങുന്നത്. ഈ നേട്ടങ്ങൾ ബിഗ് ബോസ് യാത്രയിലെ അനുമോളുടെ വിജയത്തിന്റെ സാമ്പത്തിക മൂല്യം വർദ്ധിപ്പിക്കുന്നു.
















