യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്ന വിവാദത്തിന് പിന്നാലെ ബിബിസിയിൽ ഉന്നതതല രാജി. ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താ വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ടർണസും സ്ഥാനമൊഴിഞ്ഞു. ജീവനക്കാർക്ക് അയച്ച കത്തിലാണ് ഡയറക്ടർ ജനറൽ ടിം ഡേവി രാജി പ്രഖ്യാപിച്ചത്. രാജി സ്വന്തം തീരുമാനപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം സംപ്രേഷണം ചെയ്ത ‘ട്രംപ്: എ സെക്കൻഡ് ചാൻസ്’ എന്ന ബിബിസി പനോരമ ഡോക്യുമെന്ററിയാണ് വിവാദത്തിന് ആധാരം. 2021-ലെ ക്യാപിറ്റൽ ഹിൽ കലാപത്തെ ട്രംപ് പ്രോത്സാഹിപ്പിച്ചെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ, ട്രംപിന്റെ രണ്ട് വ്യത്യസ്ത പ്രസംഗങ്ങൾ എഡിറ്റ് ചെയ്ത് ഒന്നാക്കി അവതരിപ്പിച്ചു എന്നായിരുന്നു പ്രധാന ആരോപണം.
ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ബിബിസിയിലെ ആഭ്യന്തര മെമ്മോ ചോർന്നതോടെയാണ് വിഷയം പൊതുജനശ്രദ്ധയിലെത്തിയത്. ബിബിസി എഡിറ്റോറിയൽ സ്റ്റാൻഡേർഡ്സ് കമ്മിറ്റിയുടെ മുൻ ഉപദേഷ്ടാവായ മൈക്കിൾ പ്രെസ്കോട്ടിൽ നിന്നാണ് മെമ്മോ ചോർന്നത്.
















