കുറ്റ്യാടി: അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ‘അക്യുഷ് അക്യുപങ്‌ചർ’ സ്ഥാപനം സംഘടിപ്പിച്ച ക്യാമ്പിലേക്കാണ് ഒരു സംഘം അതിക്രമിച്ച് കയറി അക്രമം നടത്തിയത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ക്യാമ്പ് സംഘാടകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മുൻപ് കുറ്റ്യാടിയിൽ നടന്ന അക്യുപങ്‌ചർ ചികിത്സയിലെ പിഴവ് കാരണമായി ഒരു യുവതി മരിച്ചതായി ഉയർന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ആക്രമണം നടന്നതെന്നാണു വിവരം. ആ യുവതിയുടെ ബന്ധുക്കളാണ് ആക്രമണം നടത്തിയതെന്ന സംശയവും ഉയരുന്നു.
ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ അക്യുപങ്‌ചർ ചികിത്സയെക്കുറിച്ചുള്ള ക്ലാസ് നടക്കുന്നതിനിടെ പതിനഞ്ചോളം പേർ അക്രമം അഴിച്ചുവിട്ടതായി പറയുന്നു. ഇവർക്കെതിരെ നിയമനടപടികൾ തുടരുന്നതായി പോലീസ് അറിയിച്ചു.
















