തെന്നിന്ത്യൻ സിനിമാ ലോകത്തെ ശ്രദ്ധേയനായ സംവിധായകൻ ലോകേഷ് കനകരാജിന്റെ സോഷ്യൽ മീഡിയാ നീക്കം തമിഴ് സിനിമാ ലോകത്ത് പുതിയ അഭ്യൂഹങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. തമിഴകത്തെ തലമുതിർന്ന താരങ്ങളായ സ്റ്റൈൽ മന്നൻ രജനികാന്തിനെയും, ഉലകനായകൻ കമൽഹാസനെയും എക്‌സിൽ അൺഫോളോ ചെയ്തതാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചക്ക് ഇടയായിരിക്കുകയാണ്.
സംഭവം ആരാധകർക്കിടയിൽ വലിയ ചർച്ചയായതോടെ, താരങ്ങളും ലോകേഷും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായെന്ന തരത്തിൽ ശക്തമായ അഭ്യൂഹങ്ങൾ പ്രചരിച്ചു. ഈ പ്രചാരണങ്ങൾ ശക്തമായതോടെ ലോകേഷ് ഉടൻ തന്നെ കമൽഹാസനെ തിരികെ ഫോളോ ചെയ്തു. എന്നാൽ, രജനികാന്തിനെ അദ്ദേഹം ഇതുവരെയും ഫോളോ ചെയ്തിട്ടില്ല. സിനിമയിൽ തന്റെ മാനസഗുരുവായി ലോകേഷ് കണക്കാക്കുന്ന വ്യക്തിയാണ് കമൽ ഹാസൻ എന്ന് പരാജ്‌ഞിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യാൻ കാരണം എന്നാണ് ആരാധകർ ചോദിക്കുന്നത്.
കമൽഹാസന്റെ നിർമ്മാണക്കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ (RKFI) രജനികാന്തിനെ നായകനാക്കി സുന്ദർ സി എന്ന പുതിയ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ‘അൺഫോളോ’ നാടകം അരങ്ങേറിയതെന്നതും ഈ വിവാദത്തിന് ആഴം കൂട്ടുന്നു. നേരത്തെ, 40 വർഷങ്ങൾക്ക് ശേഷം രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന ഒരു ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഈ ചിത്രത്തിന് സംവിധായകനെ നിശ്ചയിച്ചിട്ടില്ലെന്ന് പിന്നീട് രജനി തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കുകയുണ്ടായി. ലോകേഷ്-രജനി കൂട്ടുകെട്ടിൽ ഇറങ്ങിയ ‘കൂലി’ എന്ന ചിത്രം ആരാധകരെ നിരാശപ്പെടുത്തിയ സാഹചര്യത്തിൽ, ലോകേഷിനെ ഈ പ്രോജക്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന തരത്തിലും സോഷ്യൽ മീഡിയയിൽ സംസാരമുണ്ടായിരുന്നു. നിലവിൽ ‘ജയിലർ’ സംവിധായകൻ നെൽസൺ ദിലീപ് കുമാർ ഈ ദൗത്യം ഏറ്റെടുക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
‘മാനഗരം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ലോകേഷ്, ‘കൈതി’, ‘മാസ്റ്റർ’, ‘ലിയോ’ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ മുൻനിര സംവിധായകനായി വളർന്നു. കമൽഹാസനെ നായകനാക്കിയ ‘വിക്രം’ സിനിമയിലൂടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് (LCU) എന്ന വൻ വിജയം സൃഷ്ടിച്ചതോടെ അദ്ദേഹം രാജ്യത്തെ തന്നെ ഏറ്റവും മൂല്യമുള്ള സംവിധായകരിൽ ഒരാളായി മാറി. ഈ പശ്ചാത്തലത്തിൽ, താരങ്ങളുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിബന്ധങ്ങളെക്കുറിച്ചുള്ള ഇത്തരം അഭ്യൂഹങ്ങൾ സിനിമാ ലോകത്ത് ചൂടുള്ള ചർച്ചാവിഷയമായി തുടരുകയാണ്.
















