ആലപ്പുഴ: എടത്വ–പാരേത്തോട്–വട്ടടി റോഡിലെ 12-ാം വാർഡിൽ ചീരംകുന്നേൽ പടിക്കു സമീപമുള്ള കലുങ്കിന്റെ ഒരു ഭാഗം ഇടിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർക്ക് പരാതി. ചുട്ടുമാലി പാടശേഖരത്തിലേക്ക് വെള്ളം ഒഴുക്കുന്ന പ്രധാന കലുങ്കാണ് ഇത്.
ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തെയും പത്തനംതിട്ടയിലെ നിരണം പഞ്ചായത്തെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡിലെ ഭാഗത്ത് തന്നെയാണ് പ്രശ്‌നം. വർഷങ്ങൾക്കുമുമ്പ് നടപ്പാത മാത്രം ഉണ്ടായിരുന്ന സ്ഥലത്ത് പരിമിതവീതിയിൽ പാലം പണിതെങ്കിലും അത് ഇപ്പോൾ അപകടാവസ്ഥയിലാണ്.
പ്രധാനമന്ത്രി സഡക് യോജന ഗ്രാമീൺ പദ്ധതിയുടെ ഭാഗമായി റോഡ് നിർമ്മാണം പൂർത്തിയായിട്ട് ഏറെകാലമായി. എന്നാൽ കലുങ്കിന്റെ ഒരു വശം പൂർണമായി തകർന്ന നിലയിൽ തുടരുകയാണ്.
തലവടി തെക്കേക്കരയിൽ നിന്നുള്ളവർക്ക് നിരണം, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലേക്കും നിരണത്തിൽ നിന്ന് അമ്പലപ്പുഴ–തിരുവല്ല സംസ്ഥാന പാതയിലേക്കും ആലപ്പുഴ, എടത്വ ഭാഗങ്ങളിലേക്കും എത്തുന്നതിനുള്ള പ്രധാന വഴിയാണ് ഈ റോഡ്. ഈ സാഹചര്യത്തിൽ അപകടം ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നും ചുട്ടുമാലി പാടശേഖര സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. ജോൺസൺ വി. ഇടിക്കുള ആവശ്യപ്പെട്ടു.
















