എറണാകുളം തമ്മനത്ത് കുടിവെള്ള സംഭരണി തകര്‍ന്നുണ്ടായ അപകടത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക. കൊച്ചി കോര്‍പ്പറേഷനിലെ 30 ശതമാനം പ്രദേശങ്ങളെയും ഇത് ബാധിച്ചെന്നും വീടുകള്‍ക്കുണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു. ടാങ്ക് പൊട്ടിയതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ചേരാനല്ലൂര്‍ പഞ്ചായത്തിനെയും ബാധിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും നഷ്ടപരിഹാരം ഉറപ്പാക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ എത്തിയ ശേഷം ഉന്നതതല യോഗം ചേരും. പ്രശ്‌നം പരിഹരിക്കാന്‍ അധിക പമ്പിംഗ് നടത്തുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെ തമ്മനം കൂത്താപ്പാടിയിലാണ് കൂറ്റന്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് സമീപ പ്രദേശങ്ങളില്‍ വെള്ളം കയറിയത്. 1.38 കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ 1.10 ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു ടാങ്കില്‍ ഉണ്ടായിരുന്നത്. ഇതോടെ അതിവേഗത്തില്‍ വെള്ളം പുറത്തേക്ക് ഒഴുകി. തൊട്ടടുത്ത വീടുകളില്‍ നിമിഷ നേരം കൊണ്ട് വെള്ളം ഒഴുകിയെത്തി.
ചില വീടുകളുടെ ഉള്‍ഭാഗത്ത് വെള്ളം കയറി. കമ്പ്യൂട്ടര്‍, വാഷിങ്മെഷീന്‍, ഫ്രിഡ്ജ്, മോട്ടര്‍ അടക്കം ചില വീടുകളില്‍ വലിയ രീതിയില്‍ നാശനഷ്ടമുണ്ടായി. മതില്‍ തകര്‍ന്നുവീണ് വീടിന് പുറത്ത് നിര്‍ത്തിയിട്ട കാറിന് നാശനഷ്ടം സംഭവിച്ചു. അടുത്തിടെ പുതുക്കി പണിത റോഡ് തകര്‍ന്നു. ഇരുചക്രവാഹനങ്ങള്‍ ഒഴുകി പോകുകയും ചെയ്തു.
അതേസമയം 24 മണിക്കൂറും പമ്പിംഗ് നടക്കുന്ന പമ്പിംഗ് സ്റ്റേഷനാണിത്. കൊച്ചി നഗരത്തിലെ 80 ശതമാനം ഭാഗങ്ങളിലേയ്ക്കുള്ള കുടിവെള്ള വിതരണം നടക്കുന്നത് ഇവിടെ നിന്നാണ്. വാട്ടര്‍ടാങ്ക് തകര്‍ന്ന പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങും. തമ്മനം, കടവന്ത്ര, വൈറ്റില, കലൂര്‍, പനമ്പിള്ളിനഗര്‍, പാലാരിവട്ടം, പേട്ട, സൗത്ത് തുടങ്ങിയ ഭാഗങ്ങളിലേയ്ക്കുള്ള കുടിവെള്ള വിതരണമാകും മുടങ്ങുക.
















