ചെറുതോണി: ലോവർ പെരിയാറിലെ വൈദ്യുതി വകുപ്പിന്റെ ലക്ഷങ്ങൾ വിലവരുന്ന ക്വാർട്ടേഴ്‌സുകൾ വർഷങ്ങളായി പരിചരണമില്ലാതെ കാടുകയറി നശിച്ചുകിടക്കുന്നു. 1980-കളിൽ അണക്കെട്ട് നിർമാണ ജോലിക്ക് എത്തിയ ജീവനക്കാർ താമസിക്കാനായി പണിത ഈ കെട്ടിടങ്ങൾ ഇപ്പോൾ പൂർണമായും അവഗണനയുടെ ഇരയായിരിക്കുകയാണ്.
കരിങ്കല്ലും സിമന്റും ഉപയോഗിച്ച് മികവുറ്റ രീതിയിൽ നിർമിച്ച ഇവയ്ക്ക് ആസ്‌ബസ്റ്റോസ് ഷീറ്റ് മേൽക്കൂരയായിരുന്നു. ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി പണി തീർത്ത ഓരോ ക്വാർട്ടേഴ്‌സും വാടകയ്ക്കു നൽകിയിരുന്നെങ്കിൽ വകുപ്പിന് നല്ല വരുമാനം ലഭിക്കാമായിരുന്നു.
എന്നാൽ അറ്റകുറ്റപ്പണികൾ വർഷങ്ങളായി നടത്താത്തതോടെ കെട്ടിടങ്ങൾ ചെടികളും പടർപ്പുകളും മൂടി പൂർണമായി ഉപയോഗശൂന്യമായിരിക്കുകയാണ്. നാട്ടുകാർ ക്വാർട്ടേഴ്‌സുകൾ നവീകരിച്ച് ടൂറിസം കേന്ദ്രങ്ങളാക്കി ഉപയോഗിക്കണമെന്ന ആവശ്യം ആവർത്തിച്ച് മുന്നോട്ടുവച്ചിരുന്നെങ്കിലും അധികൃതർ ഇതുവരെ നടപടിയെടുത്തിട്ടില്ല.
പാംബ്ലയിലാണ് ഇത്തരത്തിലുള്ള നിരവധി കെട്ടിടങ്ങൾ നശിച്ചുകിടക്കുന്നത്. തട്ടേക്കണ്ണി, കുടക്കല്ല്, ആഡിറ്റ് വൺ തുടങ്ങിയ വിനോദസഞ്ചാര സാധ്യതകൾ നിറഞ്ഞ പ്രദേശങ്ങളിലും ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
കഞ്ഞിക്കുഴി പഞ്ചായത്തിലെ ടൂറിസം വികസനത്തിന് ഗുണകരമാക്കാൻ ഈ ക്വാർട്ടേഴ്‌സുകൾ നവീകരിച്ച് വിനോദസഞ്ചാര വകുപ്പിന് കൈമാറാൻ അധികാരികൾ മുന്നോട്ട് വരണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
















