ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയതിന് പിന്നാലെ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസ് കേരള കോൺഗ്രസ് ബിയിലേക്ക്. തലച്ചിറ അസീസിനെ ഗണേഷ് കുമാർ സ്വീകരിക്കും. ഇന്നുതന്നെ അസീസിന്റെ വീട്ടിലെത്തി മന്ത്രി മെമ്പർഷിപ്പ് നൽകും.
ഗണേഷ് കുമാർ കായ്ഫലമുള്ള മരമാണെന്നും അദ്ദേഹത്തെ വീണ്ടും പത്തനാപുരത്ത് നിന്ന് ജയിപ്പിക്കണമെന്നുമുള്ള അസീസിന്റെ പ്രസംഗം കഴിഞ്ഞ ദിവസം വിവാദമായിരുന്നു.
തലച്ചിറയിൽ നടന്ന റോഡ് ഉദ്ഘാടനവേദിയിലായിരുന്നു അസീസിന്റെ പ്രസംഗം. മന്ത്രി കെ ബി ഗണേഷ് കുമാറിനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പത്തനാപുരത്ത് നിന്നും വിജയിപ്പിക്കണം. ഗണേഷ് കുമാർ കായ് ഫലമുള്ള മരമാണെന്നും മഹാഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും കായ്ക്കാത്ത മച്ചിമരങ്ങളെ തിരിച്ചറിയണമെന്നും അസീസ് പറഞ്ഞിരുന്നു.
















