നാളെ മുതൽ ഒരു മാസത്തേക്ക് ഇടുക്കി വൈദ്യുതിനിലയം അടച്ചിടും. ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണിത്. മൂലമറ്റം പവർഹൗസിലെ മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിയാണ് നടക്കുക. ഇതെതുടർന്ന് സംസ്ഥാനത്ത് ഒരു മാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക. നവംബർ 11 മുതൽ ആരംഭിക്കുന്ന അറ്റകുറ്റപ്പണി ഡിസംബർ 10 ന് അവസാനിക്കും.
ആദ്യം ജൂലൈയിൽ അറ്റകുറ്റപ്പണി നടത്താൻ പദ്ധതി ഇട്ടിരുന്നെങ്കിലും കനത്ത മഴയെ തുടർന്ന് നീട്ടി വെക്കുകയായിരുന്നു. മൂലമറ്റം പവർഹൗസിൽ ആറ് ജനറേറ്ററാണ് ഉള്ളത്, അതിൽ മൂന്ന് എണ്ണത്തിനാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ‘രണ്ട് ജനറേറ്ററുകളിലേക്ക് വെളളമെത്തിക്കുന്ന പ്രധാന ഇൻലെറ്റ് വാൾവിൻ്റെ സീലുകൾ തേഞ്ഞുപോയിട്ടുണ്ട്. ഇത് മാറ്റുകയാണ് പ്രധാനം. അതിന് അടച്ചിടൽ അനിവാര്യമാണ്’ എന്ന് കെഎസ്ഇബി ഉദ്യോഗസ്ഥൻ അറിയിച്ചു.
വൈദ്യുതി ഉത്പാദനം അധികം ഉണ്ടായിരുന്ന മാസങ്ങളിൽ പഞ്ചാബ്, മധ്യപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്ക് ബാർട്ടർ സംവിധാനത്തിൽ വൈദ്യുതി നൽകിയിരുന്നു. ഇത് അഞ്ച് ശതമാനം അധിക വൈദ്യുതിയോടെ അടച്ചിടൽ കാലയളവിൽ തിരികെക്കിട്ടുമെന്നതിനാൽ വൈദ്യുതി ക്ഷാമത്തിന് സാധ്യതയില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
















