ആഫ്രിക്കൻ രാജ്യമായ ഘാനയിലെ നിയമവിരുദ്ധമായി ഖനനം ചെയ്യുന്ന സ്വർണ്ണം, സർക്കാർ സംവിധാനങ്ങളിലൂടെ തന്നെ നിയമപരമാക്കി ആഗോള വിപണിയിലേക്ക് വിൽക്കുന്ന ഞെട്ടിക്കുന്ന നടപടികളാണ് ഇപ്പൊ പുറത്തുവന്നിരിക്കുന്നത്. ഈ സ്വർണ്ണക്കടത്തിന്റെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് ഇന്ത്യ. ഘാനയുടെ നവീകരിച്ച സർക്കാർ സ്ഥാപനമായ ‘ഗോൾഡ്ബോഡ്’ (GoldBod), നിയമപരമായും നിയമവിരുദ്ധമായും ഖനനം ചെയ്ത സ്വർണ്ണത്തെ വേർതിരിച്ച് കാണുന്നില്ലെന്നും, എല്ലാം വിപണനം ചെയ്യുന്നതിലൂടെ നിയമവിരുദ്ധ ഖനനത്തിന്റെ (ഗലാംസെ) ലാഭം സർക്കാർ തന്നെ സ്വന്തമാക്കുകയാണെന്നും ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തൃശ്ശൂർ സ്വദേശിയായ സ്വർണ്ണ വ്യാപാരി മുഹമ്മദ് അഫ്‌സൽ പുത്തലനെ പിടികൂടാൻ ഘാനയുടെ പുതിയ സർക്കാർ സ്ഥാപനമായ ഗോൾഡ്‌ബോഡ് 90,000 ഡോളർ അതായത് ഏകദേശം 71 ലക്ഷം രൂപ ‘തലവില’ പ്രഖ്യാപിച്ചതോടെയാണ് ഈ കള്ളക്കടത്ത് ശൃംഖലയുടെ വ്യാപ്തി പുറത്തുവന്നത്. ഗോൾഡ്‌ബോഡ് തകർത്ത ഏറ്റവും വലിയ കള്ളക്കടത്ത് കേസിൽ, പുത്തലന്റെ സ്ഥാപനമായ RAFMOH ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് 100 കിലോഗ്രാം അനധികൃത സ്വർണ്ണം ഇടപാട് നടത്തിയതായാണ് ആരോപണം.
പ്രസിഡന്റ് ജോൺ ഡ്രമാനി മഹാമയുടെ സർക്കാർ 2025 സെപ്റ്റംബർ 10-ന് ഒരു നിർണ്ണായക പ്രഖ്യാപനം നടത്തി സ്വർണ്ണം നിയമപരമായി ഖനനം ചെയ്തതായാലും അനധികൃതമായി ഖനനം ചെയ്തതായാലും ഗോൾഡ്‌ബോഡ് വഴി അത് വിറ്റഴിക്കും. ഇതോടെ, പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് ഖനനം ചെയ്യുന്ന സ്വർണ്ണം പോലും വിപണിയിൽ ‘നിയമപരമായി’ മാറി. ഇത് രാജ്യത്ത് തഴച്ചുവളരുന്ന ‘ഗാലംസെ’യെ (gather and sell) പ്രോത്സാഹിപ്പിക്കാൻ കാരണമായി.
ഘാനയുടെ സ്വർണ്ണ കയറ്റുമതിയുടെ ആറിലൊന്ന് വാങ്ങുന്ന ഇന്ത്യക്ക് ഈ നീക്കം വലിയ നേട്ടമായി. ധാർമ്മികമായി സ്വർണ്ണം എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് കാര്യമായി ശ്രദ്ധിക്കാത്ത ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഇതുവഴി, മുൻപ് ഉയർന്ന റിസ്കായിരുന്ന ഘാനയിൽ നിന്നുള്ള സ്വർണ്ണം വാങ്ങുന്നത് ഇന്ത്യൻ വ്യാപാരികൾക്ക് സുരക്ഷിതമായി. ഘാനയുടെ സ്വർണ്ണ കയറ്റുമതിയുടെ ആറിലൊന്ന് ഇന്ത്യയിലേക്കാണ്. റിപ്പോർട്ട് പ്രകാരം, ഗോൾഡ്ബോഡിൽ നിന്ന് സ്വർണ്ണം വാങ്ങുന്ന ഏക കക്ഷികളിലൊന്ന് ഗുജറാത്ത് ആസ്ഥാനമായുള്ള സോവറിൻ മെറ്റൽസ് ലിമിറ്റഡ് എന്ന ഇന്ത്യൻ കമ്പനിയാണ്.എത്തിക്കൽ സോഴ്സിംഗ് (ധാർമ്മികമായി ഖനനം ചെയ്തത്) നിർബന്ധമില്ലാത്ത ഇന്ത്യൻ വിപണിക്ക് കുറഞ്ഞ റിസ്കിൽ സ്വർണ്ണം വാങ്ങാൻ ഇതിലൂടെ സാധിക്കുന്നു. 2025 ജനുവരിക്കും ഓഗസ്റ്റിനും ഇടയിൽ ഏകദേശം 67 ടൺ അനധികൃത കരകൗശല സ്വർണ്ണം (artisanal gold) ഘാന കയറ്റുമതി ചെയ്തു. ഇത് വ്യാവസായിക ഖനനത്തേക്കാൾ കൂടുതലാണ്.അതുപോലെ 2025 മെയ് മുതൽ ഓഗസ്റ്റ് വരെ മാത്രം 8 ടൺ സ്വർണ്ണം ഗോൾഡ്‌ബോഡ് വഴി ഇന്ത്യയിലേക്ക് എത്തി. ഗുജറാത്തിലെ സോവറിൻ മെറ്റൽസ് ലിമിറ്റഡ് ₹7000 കോടിയിലധികം മൂല്യമുള്ള സ്വർണ്ണമാണ് ഗോൾഡ്‌ബോഡിൽ നിന്ന് വാങ്ങിയത്.
എന്നാൽ, സർക്കാരിന്റെ ഈ ‘വെളുപ്പിക്കൽ’ നടപടിക്ക് ഘാന നൽകേണ്ടി വരുന്ന വില വളരെ വലുതാണ്. നിയമവിരുദ്ധമായ ഈ ഖനനം (ഗലാംസെ) കാരണം അവിടുത്തെ നദികളും വനങ്ങളും പൂർണ്ണമായി നശിച്ചു കൊണ്ടിരിക്കുകയാണ്. ഓഫിൻ നദി പോലുള്ള പ്രധാന ജലപാതകൾ വിഷലിപ്തമാവുകയും, ഖനന അവശിഷ്ടങ്ങളായ മെർക്കുറിയും ആർസെനിക്കും കലർന്ന് ഉപയോഗശൂന്യമാവുകയും ചെയ്തു. വനങ്ങളും കൃഷിയിടങ്ങളും പൂർണ്ണമായി ഖനനത്തിനായി മാറ്റിയതോടെ, ഈ പ്രതിസന്ധി ഒരു ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാൻ പ്രസിഡന്റ് ജോൺ ഡ്രമാനി മഹാമക്ക് മേൽ സമ്മർദ്ദമുണ്ട്.
അനധികൃത ഖനന മാഫിയയ്ക്കെതിരെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരും വലിയ ഭീഷണിയിലാണ്. 2024 ഒക്ടോബർ മുതൽ പത്തിലധികം മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുകയോ തട്ടിക്കൊണ്ടുപോകൽ ഭീഷണി നേരിടുകയോ ചെയ്തു. ജോയ് ന്യൂസ് റിപ്പോർട്ടറായ എറാസ്റ്റസ് അസാരെ ഡോൺകർക്ക് ഉൾപ്പെടെ നിരവധി പേർക്ക് സ്വന്തം ജീവൻ വരെ അപകടത്തിലായി.
നൂറുകണക്കിന് അനധികൃത സ്വർണ്ണ ഖനികളിൽ നിന്ന് സ്വർണ്ണം ആദ്യം എത്തുന്നത് ‘ബുഷ് ബയർമാർ’ എന്നറിയപ്പെടുന്ന പ്രാദേശിക ഇടനിലക്കാരുടെ അടുത്താണ്. ഇവിടെ സ്വർണ്ണത്തിന്റെ ഉറവിടത്തെക്കുറിച്ച് ചോദ്യങ്ങളോ രേഖകളോ ഇല്ല. ഈ സ്വർണ്ണം കുമാസിയിലെ രഹസ്യ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യാപാരികളിലേക്ക് എത്തുന്നു. വിദേശികൾ സ്വർണ്ണം വാങ്ങുന്നത് തടഞ്ഞ നിയമം മറികടക്കാൻ ഇവർ ഘാനക്കാരായ ‘മുൻനിരക്കാരെ’ (frontmen) വെച്ചാണ് പ്രവർത്തിക്കുന്നത്. അവിടെ നിന്നും തലസ്ഥാനമായ അക്രയിലേക്ക് സ്വർണ്ണം എത്തിക്കുകയും ഗോൾഡ്‌ബോഡ് വഴി ലോകമെമ്പാടും, പ്രധാനമായും ഇന്ത്യയിലേക്ക്, കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.
ഘാനയുടെ ഖനനമേഖലയിൽ നിയമങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷനും OECD-യും പോലുള്ള അന്താരാഷ്ട്ര ഏജൻസികൾക്ക് ബോധ്യമായതിനാൽ പല യുഎസ് കമ്പനികളും ഇവിടെ നിന്നുള്ള ഇടപാടുകൾ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ഈ വെല്ലുവിളികൾക്കിടയിലും, ഇന്ത്യൻ കുടുംബങ്ങളുടെ ‘മിന്നുന്ന സാമ്രാജ്യത്തിന്റെ’ ഭാഗമായ സോവറിൻ മെറ്റൽസ് ലിമിറ്റഡ് പോലുള്ള കമ്പനികൾ ഗോൾഡ്‌ബോഡ് വഴി തങ്ങളുടെ സ്വർണ്ണ ഇറക്കുമതി തുടരുകയാണ്.
















