പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (LeT) സ്ഥാപകൻ ഹാഫിസ് സയീദ്, ബംഗ്ലാദേശിനെ ഒരു പുതിയ ‘ലോഞ്ച് പാഡ്’ ആയി ഉപയോഗിച്ച് ഇന്ത്യക്കെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായി നിർണ്ണായക രഹസ്യാന്വേഷണ വിവരം. സയീദിന്റെ നേതൃത്വത്തിൽ ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങൾക്ക് പദ്ധതികൾ തയ്യാറാക്കുന്നതായാണ് സൂചന. കിഴക്കൻ അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റ ഭീഷണി വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്.
ഒക്ടോബർ 30-ന് പുറത്തിറങ്ങിയ ഒരു വീഡിയോയിലാണ് ഈ ഞെട്ടിക്കുന്ന നീക്കങ്ങളെക്കുറിച്ച് ലഷ്കർ കമാൻഡർ സെയ്ഫുല്ല സെയ്ഫ് പരസ്യമായി പ്രസ്താവിച്ചത്. “ഹാഫിസ് സയീദ് വെറുതേ ഇരിക്കുകയല്ല, ബംഗ്ലാദേശ് വഴി ഇന്ത്യയെ ആക്രമിക്കാൻ തയാറെടുക്കുകയാണ്,” എന്നായിരുന്നു സെയ്ഫിന്റെ പ്രസ്താവന. “കിഴക്കൻ പാക്കിസ്ഥാനിൽ (ബംഗ്ലാദേശ്) ലഷ്കറിന്റെ പ്രവർത്തകർ സജ്ജരാണ്. ഇന്ത്യയ്ക്ക് മറുപടി കൊടുക്കാൻ അതായത് ഓപ്പറേഷൻ സിന്ദൂറിന് മറുപടി തരാൻ തയാറെടുക്കുന്നു” എന്നും വീഡിയോയിൽ സെയ്ഫ് വെളിപ്പെടുത്തി.
യുവാക്കളെ സംഘടിപ്പിക്കുന്നതിനായി സയീദ് തന്റെ അടുത്ത അനുയായിയെ ബംഗ്ലാദേശിലേക്ക് അയച്ചിട്ടുണ്ടെന്നും ഇയാൾ ഭീകര പരിശീലനം നൽകുന്നുണ്ടെന്നും സെയ്ഫുല്ല സെയ്ഫ് വിശദീകരിക്കുന്നു. ഇന്ത്യയ്ക്കെതിരായ യുദ്ധത്തിനായി രംഗത്തിറങ്ങാൻ പരിപാടിയിൽ പങ്കെടുത്തവരോട് സെയ്ഫ് ആഹ്വാനം ചെയ്യുന്നതും വീഡിയോയിലുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്.
അന്താരാഷ്ട്ര തലത്തിലെ മാറ്റങ്ങളെക്കുറിച്ചും സെയ്ഫ് വീഡിയോയിൽ അവകാശവാദങ്ങൾ ഉന്നയിച്ചു. “ഇപ്പോൾ അമേരിക്ക നമുക്കൊപ്പമുണ്ട്. ബംഗ്ലാദേശ് പാക്കിസ്ഥാനോട് വീണ്ടും അടുത്തുകൊണ്ടിരിക്കുകയാണ്” എന്നും സെയ്ഫ് പറയുകയുണ്ടായി. കൂടാതെ, ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തെ പാക് സൈന്യത്തിന്റെ പ്രകടനത്തെ മുൻനിർത്തി അവരെ പുകഴ്ത്താനും അദ്ദേഹം സമയം കണ്ടെത്തി. ബംഗ്ലാദേശ്-പാക്കിസ്ഥാൻ കൂട്ടുകെട്ടിൽനിന്ന് ഉയരുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ, സുരക്ഷാ ഏജൻസികൾ കിഴക്കൻ അതിർത്തിയിലെ നിരീക്ഷണം ശക്തമാക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുന്നുണ്ട്.
















