ചെമ്മനാട്: സ്കൂൾ കോംപൗണ്ടിനുള്ളിൽ നടന്ന ക്രൂരമായ റാഗിങ്ങിൽ പ്ലസ് വൺ വിദ്യാർത്ഥി പരിക്കേറ്റതായി പരാതി. ഷർട്ടിന്റെ ബട്ടൺ അഴിക്കാൻ ആവശ്യപ്പെട്ട സീനിയർ വിദ്യാർത്ഥികളുടെ ‘ഡിമാൻഡ്’ നിരസിച്ചതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് വിദ്യാർത്ഥി പൊലീസിനോട് മൊഴി നൽകി.
സംഭവം കഴിഞ്ഞ മാസം 4നാണ് ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നടന്നത്. മേൽപറമ്പിനടുത്തുള്ള വിദ്യാർത്ഥിയാണ് ആക്രമണത്തിനിരയായത്. സീനിയർ വിദ്യാർത്ഥികളായ അഞ്ച് പേർ ഇയാളെ തടഞ്ഞുനിർത്തുകയും ആദ്യം ബട്ടൺ അഴിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് മൊഴി.
നിരസിച്ചപ്പോൾ ഒന്നാം പ്രതി വിദ്യാർത്ഥിയെ കൈകൊണ്ട് തള്ളിയതായും, നിലത്ത് വീണതിന്റെ പിന്നാലെ മറ്റുള്ളവർ ചവിട്ടിയും മുഖത്തും നെഞ്ചിലുമായി അടിച്ചെന്നും പരാതിയിൽ പറയുന്നു. പരുക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി.
റാഗിങ് നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് അഞ്ചുപേരെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്‌തു. വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ ഉൾപ്പെട്ട സീനിയർ വിദ്യാർത്ഥികളെ രക്ഷിതാക്കളോടൊപ്പം വിട്ട് സ്‌കൂളിൽ നിന്ന് മാറിനിൽക്കാൻ നിർദേശിച്ചതായി സ്‌കൂൾ അധികൃതർ അറിയിച്ചു.
















