കാസർഗോഡ് ഉപ്പളയിൽ സ്വന്തം വീടിന് നേരെ വെടിയുതിർത്ത പതിനാലുകാരൻ പിടിയിൽ. ഉപ്പള ദേശീയപാതയ്ക്കു സമീപം ഹിദായത്ത് ബസാറിൽ പ്രവാസിയുടെ വീട്ടിലാണ് ശനിയാഴ്ച വൈകിട്ട് വെടിവയ്പ്പുണ്ടായത്. വെടി വെയ്കാനായി ഉപയോഗിച്ച എയർ ഗൺ പോലീസ് കസ്റ്റഡിയിലെടുത്തു. വെടി വെക്കുന്ന സമയത്തു പതിനാലുകാരൻ ഒറ്റക്കായിരുന്നു വീട്ടിൽ. അമ്മയും സഹോദരങ്ങളും പുറത്തു പോയിരിക്കുകയായിരുന്നു. വെടി വയ്പ്പുണ്ടായെന്ന് മറ്റുള്ളവരെ അറിയിച്ചതും കുട്ടി തന്നെയായിരുന്നു. തുടർന്ന് ഭയന്ന വീട്ടുകാർ മഞ്ചേശ്വരം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസും ഫൊറൻസിക് വിദഗ്ധരും സംഭവസ്ഥലത്തു എത്തുകയും പരിശോധന നടത്തുകയും ചെയ്തു. മുകൾനിലയിൽ ബാൽക്കണിയിലെ ചില്ലുകൾ തകർന്നിരുന്നു. 5 പെല്ലറ്റുകൾ ആണ് ബാൽക്കണിയിൽനിന്നു കണ്ടെടുത്തത്. കാറിൽ എത്തിയ സംഘം വീടിന് നേരെ വെടി വെക്കുകയായിരുന്നു എന്നും ശബ്ദംകേട്ടു നോക്കിയപ്പോൾ കാറിലെത്തിയവരെ കണ്ടെന്നും നാലുപേരാണു കാറിലുണ്ടായിരുന്നതെന്നുമാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇത് കളവാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൊഴിയെ തുടർന്ന് തൊട്ടടുത്തുള്ള കടകളിലെ സിസിടിവി പോലീസ് പരിശോധിക്കുകയായിരുന്നു .എന്നാൽ ആ സമയത്തു ഒരു കാറും സംഭവ സ്ഥലത്തു എത്തിയിരുന്നില്ല. ഇതിൽ ദുരൂഹത തോന്നിയ പോലീസ് കുട്ടിയെ വിളിപ്പിച്ചു ചോദ്യം ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ഭയന്ന കുട്ടി വീട്ടിൽ ആരുമില്ലാത്ത സമയത്ത് പിതാവിന്റെ എയർ ഗൺ എടുത്ത് വെടിവയ്ക്കുകയായിരുന്നുവെന്ന് സമ്മതിച്ചു. എന്നാൽ എന്തിനാണ് വെടിവച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. തുടർ നടപടികളെക്കുറിച്ച് പൊലീസ് ആലോചിക്കുകയാണ്.
















