ക്ഷേത്ര സംരക്ഷകരുടെ വേഷം, വിശ്വാസികളുടെയും വിശ്വാസങ്ങളുടെയും അപ്പോസ്തലര്‍. ഹിന്ദുക്കളുടെ മൊത്തക്കച്ചവടക്കാര്‍. കേരളത്തിന്റെ മതേതര മണ്ണിലേക്ക് ഹിന്ദു വര്‍ഗീയതയുടെ വിത്തു മുളപ്പിക്കാന്‍ ദോഷമില്ലാത്ത, ദേശീയതയോടു ചേര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങളും ചിഹ്നങ്ങളും പാട്ടുകളും ഇറക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. അതിന്റെ ഭാഗമായാണ് ഭാരതാംബ എന്ന ചിത്രവും അതിനു പിന്നാലെ RSSന്റെ ഗണഗീതവും കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ ഇടം പിടിക്കാനായി ബോധപൂര്‍വ്വം അവതരിപ്പിച്ചത്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണ് എന്ന് പെട്ടെന്നു ശ്രദ്ധയില്‍ വരില്ലെങ്കിലും സമ്പൂര്‍ണ്ണ സാക്ഷരതയും രാഷ്ട്രീയ ബോധവുമുള്ള ജനതയെ പറ്റിക്കാമെന്ന് കരുതരുത്. മതേതര കാഴ്ചപ്പാടില്‍ ജീവിക്കുന്ന മനുഷ്യര്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.
അവിടെ ഒരു മതത്തിന്റെ പേരിലുള്ള ആചാരങ്ങളെയോ, മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെയോ അംഗീകരിക്കാന്‍ കഴിയുന്നതല്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കാഴ്ചപ്പാടുകളും, രാഷ്ട്രീയ വീക്ഷണങ്ങളും സാമൂഹിക ഇടപെടലുകളും രണ്ടു രീതിയിലാണ്. അതുകൊണ്ടു തന്നെ അവരുടെ കടന്നു വരവുകളില്‍ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗീയ സ്വഭാവം പ്രകടമാക്കു
മെന്നുറപ്പാണ്. അതിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ കണ്ടു തുടങ്ങിയത് കുറച്ചു നാലുകള്‍ക്ക മുമ്പ് മാത്രമാണ്. പരോക്ഷമായി ഉണ്ടായിരുന്നവെങ്കിലും അതിന്റെ പ്രത്യക്ഷമായ ഇടപെടലുകള്‍ക്ക് ഭരണഘടനാ സ്ഥാപനം തന്നെയാണ് മുന്നിട്ടു നിന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ കാലത്തൊന്നും കേരളത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല എങ്കിലും രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം പാദം മുതല്‍ കേരളത്തില്‍ ഹിന്ദുത്വ അജണ്ടയുടെ ചലനങ്ങള്‍ പ്രത്യക്ഷമായി കണ്ടു തുടങ്ങി.
നോക്കൂ, കേരളത്തിന്റെ ഗവര്‍ണര്‍ ആര്‍.വി ആര്‍ലേക്കറുടെ സംഭവാന എന്താണ് എന്ന് ചോദിച്ചാല്‍, അത് ഭാരതാംബയെ കുടിയിരുത്തി എന്നു വേണം പഠിക്കാന്‍. ഭരണഘടനാ സ്ഥാപനത്തില്‍ ഇപ്പോള്‍, സ്വകാര്യമായാലും, സര്‍ക്കാര്‍ പരിപാടി ആയാലും അവിടെ ഭാരതാംബയുടെ ചിത്രം വേണമെന്നതാണ് തിട്ടൂരം. ഭാരതാംബയെ കണ്ടാല്‍ ഭാരതീയര്‍ തൊഴും, വണങ്ങും. ഭാരതാംബ എന്നത്, ഒരു സങ്കല്പമാണ്. അല്ലാതെ, ചിത്രത്തില്‍ കാണുന്ന സ്ത്രീയോ, ആ സ്ത്രീയ്ക്കു കല്‍പ്പിച്ചു നല്‍കിയിരിക്കുന്ന പദവിയോ അല്ല. രാജ്യ സ്‌നേഹവും, രാജ്യ സംരക്ഷണവും നല്‍കാന്‍ സ്വന്തംമാതാവിനു സമമായി രാജ്യത്തെ കാണണം എന്നതു മാത്രമാണ് സങ്കല്പം. അതിന് ഒരു കാവിക്കൊടി പിടിച്ചിരിക്കുന്ന സ്ത്രീയുടെ ചിത്രം വെച്ച് പൂജിക്കണമെന്നില്ല.
ഇനി പൂജിക്കുകയാണെങ്കില്‍ അത്തരം ചിത്രങ്ങള്‍ മതേതര രാജ്യത്ത് ഒഴിവാക്കേണ്ടതാണ് എന്നതാണ് വസ്തുത. അത്തരം ചിത്രങ്ങള്‍ വിപണിയല്‍ കിട്ടുമെന്നിരിക്കെ, അതൊഴിവാക്കി കാവിക്കൊടി പിടിച്ച ഭാരതാംബയെ അവതരിപ്പിച്ചത് RSSന്റെ അജണ്ട നടപ്പാക്കലിന്റെ ബുദ്ധിപൂര്‍വ്വമായ അവതരണമായിരുന്നു. സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സിലര്‍ പദവി ഉപയോഗിച്ചും കാവിക്കൊടി പിടിച്ച ഭാരതാംബയെ അവതരിപ്പിക്കാന്‍ ശ്രമിച്ചത് തടയപ്പെട്ടു. ഇതിനു പിന്നാലെയാണ് RSSന്റെ ഗണഗീതം വന്ദേ ഭാരതില്‍ അവതരിപ്പിക്കപ്പെട്ടത്. ഭാരതത്തെയും, ഭാരതത്തിന്റെ സംസ്‌കൃതിയെയും പുകഴ്ത്തി പാടുന്ന പാട്ട്, എങ്ങനെ വര്‍ഗീയതയാകും എന്ന മറു ചോദ്യവും ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ ചോദിക്കുന്നുണ്ട്.
സ്വാഭാവികതയുടെ മൂടുപടം അണിഞ്ഞാണ് ഇത് ചോദിക്കുന്നത്. കാരണം, ഇന്ത്യയെ ഭാരതം എന്ന് പറയാന്‍ ശ്രമിക്കുകയും, അതിനോടൊപ്പം ഭാരതം സനാതന ധര്‍മ്മത്തില്‍ അധിഷ്ഠിതമാണെന്നും പറഞ്ഞുവെയ്ക്കുന്നതിന്റെ തന്ത്രപരമായ ആവിഷ്‌ക്കാരമാണ് പാട്ടും, ചിത്രവും. ഇന്ത്യയെന്ന മതേതര രാജ്യത്തെ ഭാരതമെന്ന ഹിന്ദു കേന്ദ്രീകൃത രാജ്യമാക്കി, ജാതിവ്യവസ്ഥയും, മനുസ്മൃതിയുമെല്ലാം തിരികെ കൊണ്ടു വരാനാണ് RSS-BJP സംഘ് വരിവാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് പറയാതെ വയ്യ. അതിനു വേണ്ടിയുള്ള നീക്കമാണ് രാജ്യമാകെ നടക്കുന്നതും. മോദി സര്‍ക്കാരിന്റെ മൂന്നാം ടേം, ജനങ്ങള്‍ ഇതിനു വേണ്ടി നല്കിയതാണ് എന്ന ചിന്തയാണ് സംഘ് പരിവാറിനുള്ളത്. നോര്‍ത്തിന്ത്യയില്‍ ഇതിന്റെ ക്യാംപെയിന്‍ ഫലപ്രാപ്തി നേടിയെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മോദിയുടെ തുടര്‍ച്ചയായുള്ള അധികാരം.
എന്നാല്‍, കേരളം അവിടെ വിട്ടു നില്‍ക്കുകയാണ്. കേന്ദ്രാധികാരത്തിന്റെ എതിര്‍ ചേരിയില്‍ നിന്നുകൊണ്ടാണ് കേരളം പ്രതികരിക്കുന്നത്. അതുകൊണ്ടാണ് കേരളത്തിലേക്ക് ബുദ്ധിപരമായതും, എന്നാല്‍, അപകടകരമല്ലാത്തതുമായ ചിത്രങ്ങളും, ചിഹ്നങ്ങളും, പാട്ടുകളുമായി അവര്‍ വരുന്നത്. ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. ശേഷം തങ്ങളുടെ അജണ്ട പതിയെ നടപ്പാക്കുക. അതു തന്നെയാണ് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞതിലൂടെ പുറത്തു വന്നത്. ആര്‍എസ്എസ് ഗണഗീതം ചൊല്ലിയാല്‍ എന്താണ് പ്രശ്നമെന്നാണ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറയുന്നത്. കുട്ടികള്‍ ഗണഗീതം പാടിയതില്‍ തെറ്റില്ല. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ഗാനത്തിന്റെ ഒരു വാക്കില്‍ പോലും ആര്‍എസ്എസിനെ പരാമര്‍ശിക്കുന്നില്ല.
ഹിന്ദു എന്ന വാക്കു പോലും പറയുന്നില്ല. സ്‌കൂള്‍ ഗാനമായി ഗണഗീതം കുട്ടികളെ പഠിപ്പിക്കുന്നുണ്ടെങ്കില്‍ എന്താണ് പ്രശ്നം?. അമ്മയെ സ്തുതിക്കുന്നതില്‍ എവിടെയാണ് വര്‍ഗീയതയെന്ന് അറിയില്ല. അമ്മയോടുള്ള സ്നേഹം തളിരിട്ടത് ഒരിക്കലും കൊഴിഞ്ഞു വീഴില്ല എന്നു പറയുന്നു. ഇതിലെന്താണ് കുഴപ്പം. ‘ഒരു ഗണഗീതവും എനിക്കറിയില്ല, എനിക്കത് പാടാനും അറിയില്ല, ശാഖയില്‍ പോകുന്നയാളല്ല. കോണ്‍ഗ്രസിന്റെ നേതാവ് കര്‍ണാടകയിലെ ഉപമുഖ്യമന്ത്രി നിയമസഭയില്‍ തന്നെ ഗണഗീതം പാടി. കോണ്‍ഗ്രസ് ആദ്യം ശിവകുമാറിനെ തിരുത്തട്ടെ. അതുപോലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പല നേതാക്കന്മാര്‍ക്കും ഗണഗീതം കാണാതെ പാടാന്‍ അറിയാമെന്നും കേന്ദ്രമന്ത്രി പറയുന്നു. ഇവിടെ ഭാരതം ഉണരുന്നു എന്ന ഗണഗീതത്തിലെ വാചകമായിരിക്കും പുരോഗമനക്കാരുടെ പ്രശ്നം. ഒരു കാരണവശാലും അങ്ങനെ ഉണരാന്‍ പാടില്ല എന്നാണ് അവരുടെ ചിന്താഗതി.
മോദി കുഴപ്പക്കാരനാണ്. ഇന്ത്യാരാജ്യം നശിക്കുകയാണ് എന്നെല്ലാമാണ് നാടുനീളെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ബിജെപിക്കാരുടെ സ്റ്റേജില്‍ പാടുന്ന പാട്ടല്ല. ആര്‍എസ്എസിന്റെ സംഘഗാനമാണിത്. ഇപ്പോള്‍ രാഷ്ട്രീയ വിഷയമായതിനാല്‍ ബിജെപിക്കാന്‍ എല്ലാ സ്റ്റേജിലും ഇതു പാടണമെന്നാണ് തനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. ഇന്ത്യയെ കുറ്റം പറയുന്നവര്‍ക്ക് ഇതു വലിയ കുറ്റമായിരിക്കും. ഗണഗീതം പാടിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും രംഗത്തെത്തി. കുട്ടികള്‍ പാടിയത് തീവ്രവാദ ഗാനം ഒന്നും അല്ലല്ലോയെന്നാണ് സുരേഷ് ഗോപിയുടെ വാദം. സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പുണ്ണാക്കുമില്ല. വിമര്‍ശിക്കുന്നവരാണ് ആ കുട്ടികളുടെ മനസ്സിലേക്ക് വിഷം കുത്തിവെക്കുന്നത്. മറ്റു ചിന്തകള്‍ കുത്തിക്കയറ്റുന്നത്. അതു നിര്‍ത്തണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.
എന്താണ് ഗണഗീതം ?
ഭാരതത്തിലുടനീളം അലതല്ലുന്ന ഒരു നവോഥാനത്തിന്റെ ഗാനരൂപേണയുള്ള ആവിഷ്‌കരമാണ് ഗണഗീതം(ഗാനാഞ്ജലി). ഭാരതമാതാവിനോടും
സംസ്‌കാരത്തോടുമുള്ള അനിര്‍വചനീയമായ പ്രേമം തുളുമ്പിനില്‍ക്കുന്ന ഹൃദയങ്ങളില്‍നിന്ന് നിസര്‍ഗമായി ഉദ്ഗമിച്ച ഗാനസരിത്തുക്കളാണിവ . മണ്മറഞ്ഞ
മഹിമകളെപ്പറ്റിയുള്ള മധുരസ്മൃതി കളോടൊപ്പം അവയെ അതിശയിക്കുന്ന ഒരു ഭാവി പണിതുയര്‍ത്തുവാനുള്ള പ്രജോതനമുണ്ടിതില്‍……… . സ്വദേശത്തിനും സ്വധര്‍മത്തിനും വേണ്ടി ജീവിച്ചു മരിച്ച പൂര്‍വികരുടെ കാല്‍പാടുകളെ ചുണ്ടിക്കാട്ടുന്നതോടൊപ്പം അവരെപ്പോലെത്തന്നെ ആയിത്തീരുവാനുള്ള
കര്‍ത്തവ്യത്തിന്റെ ആഹ്വാനവുമുണ്ട് . വിശുദ്ധ രാഷ്ട്രപ്രേമത്തില്‍ നിന്ന് ഉടലെടുത്ത കര്‍ത്തവ്യബോധത്തിന്റെ കാഹളഗാനമാണ് ഗണഗീതം
ഇതാണ് കുട്ടികള്‍ പാടിയ ഗണഗീതം
പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍
പുണ്യവാഹിനീ സേചനമേല്ക്കും പൂങ്കാവനങ്ങളുണ്ടിവിടെ,
പൂങ്കാവനങ്ങളുണ്ടിവിടെ.ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തര്‍പ്പിച്ചീടാന്‍
തലകുമ്പിട്ടുതരും പൂങ്കൊമ്പുകള്‍ തഴച്ചുവളരുന്നുണ്ടിവിടെ
അടിമുടി സേവന വാസന വിതറി അമ്മയ്ക്കര്പ്പിച്ചീടാനായ് പലനിറമെങ്കിലുമൊറ്റമനസ്സായ് വിടര്‍ന്നിടുന്നൂ മുകുളങ്ങള്‍
(പരമ പവിത്ര..)ഭഗത്സിംഹനും ഝാന്‍സിയുമിവിടെ പ്രഭാതഭേരിമുഴക്കുന്നൂ
ശ്രീനാരായണനരവിന്ദന്മാര്‍ ഇവിടെ കോവില്‍ തുറക്കുന്നു,
രാമകൃഷ്ണനും രാമദാസനും ഇവിടെനിവേദിച്ചീടുന്നു
ഇവിടെ വിവേകാനന്ദസ്വാമികള്‍ ബലിഹവ്യം തൂവീടുന്നു, ബലിഹവ്യം തൂവീടുന്നു.
(പരമ പവിത്ര)അവരുടെ ശ്രീപീഠത്തില്‍ നിത്യം നിര്‍മ്മാല്യം തൊഴുതുണരാനായ്
ഇവിടെ തളിരിടുമൊരൊറ്റ മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ല.
അവരുടെ ധന്യാത്മാവ വിരാമം തഴുകീടുന്നീയാരാമം
ഇവിടെ വരൂ ഈ കാറ്റൊന്നേല്ക്കൂ ഇവിടെ ഭാരതമുണരുന്നു, ഇവിടെ ഭാരതമുണരുന്നു.
(പരമ പവിത്ര)
നോക്കൂ, ഈ പാട്ടും, ഭാരതാംബയുടെ ചിത്രവും കേരള പൊതു സമൂഹം എവിടെയൊക്കെ കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്. വന്ദേ മാതരം പാടുന്നതു പോലെയോ, ജനഗണമന അധി നായക ജയഹേ പോലെയോ കേട്ടിട്ടുണ്ടോ. ഇന്ത്യയുടെ ചിത്രത്തിനൊപ്പം മറ്റേതെങ്കിലും ദൈവത്തിന്റെ സാമീപ്യമുള്ള ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ അതാണ് വര്‍ഗീയതയുടെ നിശബ്ദ പ്രചാരണത്തിന്റെ തുടക്കം എന്ന് മനസ്സിലാക്കണം.
CONTENT HIGH LIGHTS; After Bharatamba, the Gana Geeta too?: Will the silent paths of saffron-infused art be opened?; Criticism of the hymn and the Gana Geeta; What is the Gana Geeta?
















