കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് രാജേശ്വരി മഠത്തിൽ നടന്ന മോഷണ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബളാൽ ചേവിരി വീട്ടിൽ ഹരീഷ് (48) ആണ് പിടിയിലായത്. ഈ മാസം ഒന്നാം തീയതി ഉച്ചയ്ക്ക് മൂന്നരയോടെ മഠത്തിൽനിന്ന് ചെമ്പു ഭണ്ഡാരം, പണസാമഗ്രികൾ, വലംപിരി ശംഖ് എന്നിവ മോഷണം പോയിരുന്നു.
മഠത്തിലെ സിസി ടിവി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം വ്യക്തമായി ലഭിച്ചതോടെ അന്വേഷണത്തിന് വേഗം കൂടുകയായിരുന്നു. രാജേശ്വരി മഠത്തിലെ കെ. കാർത്യായനി ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയിരുന്നു.
ഹൊസ്ദുർഗ് എസ്.ഐ.പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂർ പൊലീസിന്റെ സഹായത്തോടെ പയ്യന്നൂരിൽനിന്നാണ് പ്രതിയെ പിടികൂടിയത്. ഒട്ടേറെ കവർച്ചക്കേസുകളിലെ പ്രതിയാണ് ഹരീഷ്.
















